'ആദ്യ മന്ത്രിസഭ യോഗത്തിൽ വാഗ്ദാനങ്ങൾ പാലിക്കും'; കർണാടകത്തിൽ ആത്മവിശ്വാസത്തോടെ രാഹുൽ ഗാന്ധി
ബെംഗളൂരു: കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നു. കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചരണം കൊഴുക്കുകയാണ്. നിലവിൽ കോലാറിൽ പ്രചരണം നയിക്കുകയാണ് രാഹുൽ. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജയിപ്പിക്കണമെന്നും കുറഞ്ഞത് 150 സീറ്റുകൾ ഞങ്ങൽക്ക് നൽകണമെന്നും രാഹുൽ വോട്ടർമാരോട് അഭ്യർത്ഥിച്ചു.
'ബിദാർ എന്നത് ബസവണ്ണയുടെ (12-ആം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കർത്താവ്) കർമ്മഭൂമിയാണ്. ജനാധിപത്യത്തെക്കുറിച്ച് ആരെങ്കിലും ആദ്യം പറയുകയും ജനാധിപത്യത്തിലേക്കുള്ള പാത കാണിച്ചുതരികയും ചെയ്തെങ്കിൽ അത് ബസവണ്ണയാണ്. ഇന്ന് രാജ്യത്തുടനീളം ആർ എസ് എസും ബി ജെ പിയും ചേർന്ന് ജനാധിപത്യത്തെ ആക്രമിക്കുകയാണ്. ബസവണ്ണയുടെ ആശയങ്ങളായ തുല്യ പങ്കാളിത്തം, തുല്യ അവസരങ്ങൾ എന്നിവയെ അക്കൂട്ടർ ആക്രമിക്കുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം', രാഹുൽ ഗാന്ധി പറഞ്ഞു.

'അവർ ഹിന്ദുസ്ഥാനിൽ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണ്.അവർ പാവപ്പെട്ടവരിൽ നിന്നും ദുർബല വിഭാഗങ്ങളിൽ നിന്നും പണം തട്ടിയെടുത്ത് പണക്കാർക്ക് നൽകുകയാണ്', രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സർക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തങ്ങൾ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), ഓരോ കുടുംബത്തിലേയും ഗൃഹനാഥയ്ക്ക് പ്രതിമാസം 2,000 രൂപ സഹായം (ഗൃഹ ലക്ഷ്മി),ബി പി എൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി സൗജന്യം,കൂടാതെ ബിരുദധാരികളായ യുവാക്കൾക്ക് എല്ലാ മാസവും 3000 രൂപയും ഡിപ്ലോമ ഉള്ളവർക്ക് (ഇരുവരും 18-25 വയസ്സിനിടയിലുള്ളവർ) രണ്ട് വർഷത്തേക്ക് 1500 രൂപയും നൽകുമെന്നായിരുന്നു കോൺഗ്രസ് പ്രഖ്യാപനം.
എല്ലാ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും കള്ളപ്പണത്തിനെതിരെ പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോജി നടത്തിയത് പോലുള്ള വ്യാജ വാഗ്ദാനങ്ങളൊന്നും ഞങ്ങൾ നടത്തില്ല. മറിച്ച് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കും', രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടകത്തിൽ മെയ് 10 നാണ് നിയമസഭ തിരഞ്ഞെടുപ്പ്. പുറത്ത് വന്ന അഭിപ്രായ സർവ്വേകളിൽ പലതും കോൺഗ്രസിനാണ് സംസ്ഥാനത്ത് മുൻതൂക്കം പ്രവചിക്കുന്നത്. ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കൾ ഒഴുകുന്നതും പാർട്ടിയുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നുണ്ട്.












Click it and Unblock the Notifications