എൻസിപി എംഎൽഎയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ; മറാത്ത ക്വാട്ട പ്രതിഷേധം കത്തുന്നു
മുംബൈ: മറാത്ത ക്വാട്ട വിഷയത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം പുകയുന്നതിനിടെ എൻസിപി എംഎൽഎയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ. എംഎൽഎ പ്രകാശ് സോളങ്കെയുടെ വീടിനാണ് തീയിട്ടത്. എംഎൽഎയും കുടുംബവും വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം. എന്നാൽ ആർക്കും പരിക്കില്ലെന്നും കുടുംബാംഗങ്ങൾ അടക്കമുള്ളവർ സുരക്ഷിതരാണെന്നും എംഎൽഎ അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ബീഡ് ജില്ലയിലെ എംഎൽഎയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടത്. മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെയുടെ നിരാഹാര സമരത്തെക്കുറിച്ചുള്ള സോളങ്കെയിടെ പരാമർശമാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.സോളങ്കെയുടെ വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പ്രതിഷേധക്കാർ നശിപ്പിച്ചു.

മറാത്ത സമുദായത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നായിരുന്നു സംവരണം ആവശ്യപ്പെട്ട് കൊണ്ട് മനോജ് ജാരങ്കയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ആഗസ്റ്റ് 29 മുതലായിരുന്നു സമരം ആരംഭിച്ചത്. പിന്നീട് സപ്റ്റംബർ 14 ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമരവേദിയിൽ നേരിട്ട് എത്തുകയും മറാത്ത സമുദായത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുകൾ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജാരംഗെയുടെ നേതൃത്വത്തിൽ വീണ്ടും പ്രതിഷേധം ആരംഭിച്ചത്.
അതേസമയം പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രംഗത്തെത്തി. ഇപ്പോഴത്തെ സമരം തെറ്റായ ദിശയിലേക്ക് നീങ്ങുന്നതെന്നും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം ഇല്ലാതാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications