വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നൊഴിവാക്കിയതിന് അഡ്മിനെ ആക്രമിച്ച് നാവ് മുറിച്ചെടുത്തു; പരാതിയുമായി ഭാര്യ
പൂനെ: വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന് അഡ്മിന്റെ നാവ് മുറിച്ചെടുത്ത് യുവാക്കള്‍. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ഫുര്‍സുംഗി എന്ന പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം. ഡിസംബര്‍ 28 ന് രാത്രി 10 ന് ആണ് ആക്രമണം നടന്നത്. സംഭവത്തില്‍ അഡ്മിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അഡ്മിനും ആക്രമണം നടത്തിയവരും ഓം ഹൈറ്റ്സ് ഹൗസിങ് സൊസൈറ്റി എന്ന പ്രദേശത്താണ് താമസിക്കുന്നത്. പ്രദേശവാസികള്‍ എല്ലാവരേയും ചേര്‍ത്ത് ഓം ഹൈറ്റ്സ് ഓപ്പറേഷന്‍ എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ആക്രമണത്തിന് ഇരയായ ആളായിരുന്നു ഇതിന്റെ അഡ്മിന്‍.

സംഭവത്തില്‍ അഡ്മിന്റെ 38 കാരിയായ ഭാര്യ ഹദാപ്സര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹൗസിങ് സൊസൈറ്റി ചെയര്‍പഴ്സനാണ് പരാതിക്കാരി എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്... ഹൗസിങ് സൊസൈറ്റിയിലെ താമസക്കാര്‍ക്കിടയില്‍ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പില്‍ നിന്ന് അടുത്തിടെ പ്രതികളിലൊരാളെ ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ തന്നെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണ് എന്ന് ചോദിച്ച് അഡ്മിന് മെസേജ് അയച്ചിരുന്നു.
എന്നാല്‍ ഇതിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഇതിന് പിന്നാലെ അഡ്മിനെ ഫോണില്‍ വിളിച്ച് നേരിട്ട് കാണണം എന്നും പറഞ്ഞു. പിന്നാലെ പരാതിക്കാരിയും ഭര്‍ത്താവും ഓഫിസില്‍ ഇരിക്കെ പ്രതികള്‍ അഞ്ചുപേരും കൂടി ഓഫിസിലെത്തി ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണം ആരാഞ്ഞു.
തുടര്‍ച്ചയായി ഗ്രൂപ്പില്‍ മെസേജുകള്‍ അയച്ചതിനാലാണ് ആളുകളെ ഒഴിവാക്കി ഗ്രൂപ്പ് ഡിലീറ്റ് ചെയ്തത് എന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞെങ്കിലും അഞ്ച് പേരും ചേര്‍ന്ന് ഇദ്ദേഹത്തെ മര്‍ദിക്കുകയും തുടര്‍ന്ന് നാവ് മുറിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളുടെ നാവ് തുന്നിച്ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍ പരിക്ക് ഗുരുതരമാണ് എന്നാണ് ഡോക്ടര്‍മാരും അറിയിക്കുന്നത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.












Click it and Unblock the Notifications