നവജ്യോത് സിംഗ് സിദ്ധു ബിജെപിയിലേക്ക് തിരികെ എത്തും? സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശവുമായി അമിത് ഷാ.. നിർണായകം
ചണ്ഡീഗഡ്; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പഞ്ചാബ് രാഷ്ട്രീയത്തിൽ നിർണായക കൂടുമാറ്റങ്ങൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഭരണകക്ഷിയായ കോൺഗ്രസിൽ ഉൾപ്പാർട്ടി തർക്കങ്ങൾ രൂക്ഷമാണ്. മുഖ്യമന്ത്രി അമരീന്ദറും മുൻ മന്ത്രി കൂടിയായ നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഹൈക്കമാന്റ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ആഭ്യന്തര തർക്കങ്ങളെ തുടർന്ന് സിദ്ധു പാർട്ടി വിട്ടേക്കുമെന്നുള്ള ചർച്ചകളും ശക്തമാണ്.
അതിനിടയിൽ പഞ്ചാബിൽ കളംപിടിക്കാൻ അമിത് ഷായുടെ നേതൃത്വത്തിലും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

ബിജെപിയെ സംബന്ധിച്ച് പഞ്ചാബിൽ കടുത്ത പ്രതിസന്ധിയാണ് പാർട്ടി നേരിടുന്നത്. വിവാദമായ കാർഷിക ബില്ലിൽ ബിജെപിക്കെതിരെ കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം പുകയുന്നുണ്ട്. നിയമത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയുമായുള്ള 24 വർഷത്തെ ബന്ധം പഞ്ചാബിൽ നിന്നുള്ള സഖ്യകക്ഷിയായ ശിരോമണി അകാലിദൾ അവസാനിപ്പിച്ചിരുന്നു.

മാത്രമല്ല നിയമത്തിന്റെ പേരിൽ ഇതിനോടകം തന്നെ നിരവധി നേതാക്കൾ ബിജെപി വിട്ട് ശിരോമണി അകാലിദളിലേക്കും ആംആദ്മി പാർട്ടിയിലേക്കും ചേക്കേറി കഴിഞ്ഞു. മുൻ പാർട്ടി ജനറൽ സെക്രട്ടറി മാൽവീന്ദർ സിംഗ് ഉൾപ്പെടെയാണ് പാർട്ടി വിട്ടത്. ഉടൻ തന്നെ മുൻ മന്ത്രിയായ അനിൽ ജോഷിയും മറ്റ് പാർട്ടികളിലേക്ക് ചേക്കേറിയേക്കുമെന്നുള്ള റിപ്പോർട്ടുണ്ട്. കാർഷിക നിയമത്തിനെതിരെ വിമർശനം ഉയർത്തിയതിന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അനിൽ ജോഷിയെ പുറത്താക്കിയിരുന്നു.

നിയമത്തിനെതിരെ ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം പുകയുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നിലംതൊടാൻ പോലും സാധിക്കില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം സൂചിപ്പിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കവെ പഞ്ചാബിലെ സാഹചര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയാണ് അമിത് ഷാ.

നിലവിൽ സംസ്ഥാനത്ത് തനിച്ച് ഭരണമൊന്നും ബിജെപിക്ക് സ്വപ്നം കാണാൻ പോലും സാധിക്കില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും വെറും 9.36 ശതമാനമായിരുന്നു ബിജെപിയ്ക്ക് ലഭിച്ച ആകെ വോട്ടുകൾ. എന്നാൽ ഭരണം പിടിക്കുമെന്നാണ് സംസ്ഥാന നേതാക്കളുടെ അവകാശവാദം. മറ്റ് പാർട്ടികളിൽ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ ഒപ്പം ചേർത്ത് ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം.

സംസ്ഥാനത്തെ പ്രധാന സിഖ് നേതാക്കളാണ് ബിജെപിയുടെ നോട്ടം. അമിത് ഷാ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കളെ ദില്ലിയിലേക്ക് വിളിച്ച് വരുത്തി ബിജെപി ദേശീയ നേതൃത്വം ചർച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന നവജ്യോത് സിംഗ് സിദ്ധു ബിജെപിയിലേക്ക് മടങ്ങിപോകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

മുൻ ക്രിക്കറ്റ് താരമായ സിദ്ധു 2004 ലായിരുന്നു ബിജെപിയിൽ ചേർന്നത്. പിന്നീട് 13 വർഷത്തോളം ബിജെപിയിൽ എംപിയായിരുന്ന സിദ്ധു 2017 ലാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. അമരീന്ദറുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ സിദ്ധു കോൺഗ്രസ് വിടാനുള്ള സാധ്യത ഏറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.എന്നിരുന്നാലും അദ്ദേഹം ബിജെപിയിലേക്ക് മടങ്ങില്ലെന്നും പകരം ആംആദ്മിയിൽ ചേർന്നേക്കുമെന്നുമുള്ള വിലയിരുത്തൽ ഉണ്ട്.

അതേസമയം സംസ്ഥാനത്ത് നിർണായക ശക്തിയാകാനുള്ള മറ്റ് ചില തന്ത്രങ്ങളും ബിജെപി പയറ്റുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ ദളിത് വിഭാഗത്തെ ഒപ്പം നിര്ത്താനാണ് ബിജെപിയുടെ ശ്രമം. ദളിത് വിഭാഗത്തിലെ പ്രമുഖ നേതാക്കളെ ബിജെപിയിൽ എത്തിക്കാനുള്ള ചർച്ചകളും പാർട്ടി നേതാക്കൾ നടത്തുന്നുണ്ടെന്നാമ് വിവപം. 2022 ൽ ബിജെപി പഞ്ചാബിൽ അധികാരത്തിലേറിയാൽ സംസ്ഥാനത്ത് ദളിത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ഇതിനോടകം തന്നെ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications