Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടക്ക സീറ്റ് കടന്നാലും നേട്ടം; പഞ്ചാബില്‍ ബിജെപി തന്ത്രം മെനയുന്നത് ഭാവിയെ ലക്ഷ്യമാക്കി?

ലുധിയന: തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പഞ്ചാബിലെ പ്രചരണം ശക്തമാക്കുകയാണ് ബി ജെ പി. താരതമ്യേന സ്വാധീനം കുറവുള്ള പഞ്ചാബില്‍ ഇത്തവണ ദീര്‍ഘകാല പദ്ധതിയുമായാണ് ബി ജെ പി രംഗത്തെത്തുന്നതെന്ന് വ്യക്തമാണ്. മുന്‍പത്തെ തെരഞ്ഞെടുപ്പിലെല്ലാം ശിരോമണി അകാലിദളിനൊപ്പമായിരുന്നു ബി ജെ പി മത്സരിച്ചിരുന്നത്. ഇതാദ്യമായി പഞ്ചാബില്‍ ഡ്രൈവിംഗ് സീറ്റിലേക്കെത്തുകയാണ് ബി ജെ പി. സിഖ് വികാരവും ഹിന്ദുത്വയും സമ്മിശ്രമായി ചേര്‍ത്താണ് ബി ജെ പി പഞ്ചാബില്‍ കളം പിടിക്കുന്നത്. ജയിക്കാനായാണ് മത്സരിക്കുന്നതെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ പരാമവധി സീറ്റില്‍ ജയം നേടി 2024 ലേക്കുള്ള വഴി തുറക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. അതിനാലാണ് രണ്ടക്കത്തില്‍ സീറ്റ് നേടിയാല്‍ പോലും വലിയ കാര്യമാണെന്ന തരത്തിലേക്ക് ബി ജെ പി നേതാക്കള്‍ അടക്കം പറയുന്നത്.

പരാമവധി സെലിബ്രിറ്റികളെ പാര്‍ട്ടിയിലെത്തിച്ചും ദേശീയ നേതാക്കള്‍ തുടര്‍ച്ചയായി ക്യാംപ് ചെയ്തുമാണ് ബി ജെ പി പഞ്ചാബില്‍ കളമൊരുക്കുന്നത്. സംസ്ഥാനത്തെ രണ്ട് പ്രബല കക്ഷികളില്‍ നിന്ന് തെറ്റിപിരിഞ്ഞവരെ കൂട്ടിയാണ് ബി ജെ പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് സ്വാധീനമുള്ള മേഖലകള്‍ പഞ്ചാബിലുണ്ട്. അദ്ദേഹത്തിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ആദ്യമായി തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത് ബി ജെ പി സഖ്യത്തിലാണ്. ശിരോമണി അകാലിദളില്‍ നിന്ന് വിട്ട ശിരോമണി അകാലിദള്‍ സംയുക്തിന് കര്‍ഷകര്‍ക്കിടയില്‍ നാമമാത്രമെങ്കിലും സ്വാധീനമുണ്ട്. രണ്ടോ മൂന്നോ സീറ്റില്‍ ഇവരുടെ പ്രകടനം നിര്‍ണായകമാകുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍.

1

ഒരു പുതിയ പഞ്ചാബ് സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രചാരണം സംസ്ഥാനത്ത് ആരംഭിച്ചത്. സംസ്ഥാനത്ത് വലിയ അനുയായികളുള്ള രാധാ സോമി സത്സംഗ് ബിയാസിന്റെ തലവന്‍ ബാബ ഗുരീന്ദര്‍ സിംഗ് ധില്ലനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കണ്ടിരുന്നു. മതപരിവര്‍ത്തനമാണ് പഞ്ചാബ് നേരിടുന്ന പ്രശ്‌നമെന്നും അത് പരിഹരിക്കാന്‍ ബി ജെ പിയ്ക്കാവുമെന്നും പറഞ്ഞ് അമിത് ഷായും ഒരു വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അകല്‍ തഖ്ത് ജതേദാറിനെ വിളിച്ച് മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാനും അമിത് ഷാ മടിച്ചില്ല. ഹരിയാനയിലാണെങ്കിലും ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിനെ ജയിലില്‍ നിന്ന് ഫര്‍ലോ (അവധി) കൊടുത്ത് വിട്ടയച്ചതും ബി ജെ പിയുടെ പെട്ടിയില്‍ വോട്ട് വീഴ്ത്താന്‍ സഹായകമാകും. തെക്കന്‍ മാള്‍വയില്‍ വലിയ തോതിലുള്ള അനുയായികളുണ്ട് ഗുര്‍മീത് റാം റഹീമിന്.

2

പരമ്പരാഗതമായി നഗര ഹിന്ദുക്കളുടെ പാര്‍ട്ടിയായ ബി ജെ പി ഈ തെരഞ്ഞെടുപ്പിന് പോകുന്നത് സിഖ് മുഖങ്ങള്‍ക്ക് വലിയ പരിഗണന നല്‍കിയിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് സിഖുകാര്‍ക്ക് 50 ശതമാനത്തിലധികം സീറ്റുകള്‍ നല്‍കുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. 1997 ലാണ് ബി ജെ പി ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കിയത്. അന്ന് കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയാണ് സഖ്യം ഭരണം പിടിച്ചത്. ശിരോമണി അകാലിദള്‍ 75 സീറ്റില്‍ വിജയിച്ചപ്പോള്‍ ബി ജെ പി മത്സരിച്ച 22 ല്‍ 18 സീറ്റും നേടിയിരുന്നു. 2007 ല്‍ ബി ജെ പിയ്ക്ക് 19 സീറ്റ് ലഭിച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റാണ് ബി ജെ പിയ്ക്ക് ലഭിച്ചത്. എന്നാല്‍ 2002 ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഹിന്ദു വോട്ടുകള്‍ കൂടുതലുള്ള 60-65 സീറ്റുകളിലാണ് ബി ജെ പി ലക്ഷ്യം വെക്കുന്നത്. എന്നാല്‍ കര്‍ഷക സമരം ഉയര്‍ത്തി വിട്ട പ്രതിഷേധ കൊടുങ്കാറ്റ് അതിജീവിക്കുക എന്നതാണ് ബി ജെ പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

3

കര്‍ഷക സമരത്തെ പിന്തുണച്ചിരുന്ന പലരേയും സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി ജെ പിയ്ക്കായിട്ടുണ്ട്. മോദി ഫാക്ടറില്‍ കണ്ണുവെച്ചാണ് ബി ജെ പി തന്ത്രങ്ങള്‍ മെനയുന്നത്. ചില ഉള്‍ഗ്രാമങ്ങളില്‍ മോദി ജനകീയനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പ്രധാനമന്ത്രി മോദിയുടെ ഹൃദയം പഞ്ചാബികള്‍ക്ക് വേണ്ടി തുടിക്കുന്നു എന്നാണ് മണി ബജാജ് എന്ന ഗ്രാമവാസി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. മോദി കര്‍താര്‍പൂര്‍ ഇടനാഴി വീണ്ടും തുറന്നു. മുഗളന്മാര്‍ വധിച്ച ഗുരു ഗോവിന്ദ് സിംഗിന്റെ നാല് ആണ്‍മക്കള്‍ക്കുള്ള ആദരാഞ്ജലിയായി ഡിസംബര്‍ 26 വീര്‍ ബാല്‍ ദിവസ് ആയി പ്രഖ്യാപിച്ചു, 1984 സിഖ് വിരുദ്ധ കലാപത്തിലെ കുറ്റവാളികളെ അദ്ദേഹം ശിക്ഷിച്ചു. ഇവിടെ അധികാരത്തില്‍ വന്നാല്‍ അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും എന്നാണ് മണി ബജാജ് പറയുന്നത്.

4

അഭിനേതാക്കളായ മഹി ഗില്ലും ഹോബി ധലിവാളും മുതല്‍ ഗ്രേറ്റ് ഖാലി വരെയുള്ള സെലിബ്രിറ്റികളുടെ വരവ് യുവാക്കളിലും ആവേശം ചെലുത്തിയിട്ടുണ്ട്. ശനിയാഴ്ച പുറത്തിറക്കിയ ബി ജെ പിയുടെ പ്രകടനപത്രിക, സംസ്ഥാനത്തെ യുവാക്കള്‍ക്ക് എല്ലാ സര്‍ക്കാര്‍ ജോലികളിലും 75 ശതമാനം സംവരണം, തൊഴിലില്ലായ്മ വേതനം, സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം എന്നിവ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കായി ഒരു ഒട്ടേറെ പദ്ധതികള്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ ബിരുദധാരികള്‍ക്കും അവരുടെ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ വേതനമായി പ്രതിമാസം 4,000 രൂപ നല്‍കുമെന്നും ബി ജെ പി പ്രകടന പത്രികയില്‍ പറയുന്നു. ഫെബ്രുവരി 20 നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

5

ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ എന്നിവര്‍ക്ക് കൂടി നിര്‍ണായക സ്വാധീനമുള്ള പഞ്ചാബില്‍ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. 2017 ല്‍ 117 സീറ്റില്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ചരണ്‍ജിത് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആം ആദ്മിയാകട്ടെ ഭാഗവന്ത് മന്നിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+