'പിന്നല്ലാതെ.. എന്റെ കരള്‍ ഇരുമ്പാണല്ലോ...?'; സ്ഥിരം മദ്യപാനിയെന്ന ആരോപണത്തില്‍ ഭഗവന്ത് മന്‍
അമൃത്സര്‍: താന്‍ സ്ഥിരം മദ്യപാനിയാണ് എന്ന പ്രതിപക്ഷ ആരോപണത്തില്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. രാവിലേയും രാത്രിയും മദ്യപിച്ച് കൊണ്ടിരിക്കുന്ന ഒരാളുടെ കരള്‍ ഇത്ര വര്‍ഷം ഒന്നും സംഭവിക്കാതെയിരിക്കുമോയെന്ന് ഭഗവന്ത് മന്‍ ചോദിച്ചു. ആപ് കി അദാലത്ത് എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി.
'കഴിഞ്ഞ 12 വര്‍ഷമായി തനിക്കെതിരെ പകലും രാത്രിയും മദ്യപിക്കുന്ന ആളാണ് എന്ന ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ഒരാള്‍ രാവും പകലും മദ്യപിക്കുന്നുണ്ടെങ്കില്‍ അയാള്‍ ജീവനോടെയുണ്ടാകുമോ? എന്റെ കരളെന്താ ഇരുമ്പ് കൊണ്ടുണ്ടാക്കിയതാണോ നശിച്ച് പോകാതിരിക്കാന്‍? പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാത്തതിനാലാണ് ഞാന്‍ സ്ഥിരം മദ്യപാനിയാണ് എന്ന ആരോപണം ഉന്നയിക്കുന്നത്,' ഭഗവന്ത് മന്‍ പറഞ്ഞു.

താന്‍ രാവിലെ 6 മണിക്ക് എഴുന്നേറ്റ് ആദ്യത്തെ ഫയല്‍ ചോദിക്കുകയാണ് ചെയ്യുന്നത് എന്നും അങ്ങനെയാണ് കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ മാറ്റമില്ലാതിരുന്ന ഒരുപാട് ജോലികള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ താന്‍ പൂര്‍ത്തിയാക്കിയത് എന്നും ഭഗവന്ത് മന്‍ പറഞ്ഞു. 2019 ജനുവരിയില്‍, ഭഗവന്ത് മന്‍ ഒരു പൊതു റാലിയില്‍ തന്റെ അമ്മയുടെയും അരവിന്ദ് കെജ്രിവാളിന്റെയും സാന്നിധ്യത്തില്‍ മദ്യപാനം ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.
എങ്കിലും മദ്യപാനി എന്ന് വിളിച്ചാണ് പലപ്പോഴും ഭഗവന്ത് മന്നിനെ പ്രതിപക്ഷം ആക്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഭഗവന്ത് മാന്‍ ജര്‍മ്മനിയില്‍ വെച്ച് മദ്യപിച്ചെന്നും അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. നടക്കാന്‍ പോലും കഴിയാത്തവിധം മദ്യപിച്ചിരുന്ന അദ്ദേഹം കാരണം വിമാനം വൈകിയെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ആം ആദ്മി പാര്‍ട്ടി നിഷേധിക്കുകയായിരുന്നു.
പാര്‍ലമെന്റിലും ശവസംസ്‌കാര ചടങ്ങുകളിലും ഗുരുദ്വാരയിലും ഭഗവന്ത് മന്‍ മദ്യപിച്ച് എത്തിയതായി പല തവണ ആരോപണമുയര്‍ന്നിരുന്നു. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭഗവന്ത് മന്‍, കെജ്രിവാളിന്റെ പൈലറ്റാണ് എന്ന ആക്ഷേപവുമായി രംഗത്തെത്തി. പഞ്ചാബിലെ ക്രമസമാധാന നില വഷളാകുമ്പോള്‍ മുഖ്യമന്ത്രി കെജ്രിവാളിന്റെ പൈലറ്റിനെപ്പോലെ രാജ്യത്ത് പര്യടനം നടത്തുകയാണെന്ന് അമിത് ഷാ പറഞ്ഞു.
അരവിന്ദ് കെജ്രിവാളിനൊപ്പം ചെലവഴിക്കാന്‍ ഭഗവന്ത് മന്നിന് സമയമുണ്ട്. എന്നാല്‍ പഞ്ചാബിലെ ജനങ്ങള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ധിക്കാരത്തിന് ജനങ്ങള്‍ മറുപടി കൊടുക്കുമെന്നും ആം ആദ്മിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications