'പഞ്ചാബിൽ 12 എംഎൽഎമാർ ആം ആദ്മി വിടും'; 9 പേർ കോൺഗ്രസിലേക്ക് , മൂന്ന് പേർ ബിജെപിയിലേക്കെന്ന് കോൺഗ്രസ്
ദില്ലി: പഞ്ചാബിൽ ആം ആദ്മി എ എൽ എമാർ പാർട്ടി വിടുമെന്ന് കോൺഗ്രസ്. 12 എം എൽ എമാരാണ് ആം ആദ്മി ബന്ധം ഉപേക്ഷിക്കാൻ ഒരുങ്ങുന്നതെന്നും ഇതിൽ 9 പേർ കോൺഗ്രസിലേക്കും മൂന്ന് പേർ ബി ജെ പിയിലേക്കും ചേക്കേറുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മരീന്ദര്‍ സിംഗ് രാജ വാറിംഗ് പറഞ്ഞു. പഞ്ചാബിലെ ആം ആദ്മിയുടെ ഓപ്പറേഷൻ ലോട്ടസ് ആരോപണം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര വഴക്കുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയം മറച്ചുവെക്കാനും വേണ്ടിയാണെന്നും മരീന്ദർ സിംഗ് കുറ്റപെടുത്തി.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആം ആദ്മിയിൽ ചേർന്ന എം എൽ എമാരാണ് പാർട്ടി വിടാനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. എം എൽ എമാർ പാർട്ടി വിടാൻ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി റിപ്പോർട്ട് ഉണ്ട്. ഹിമാചല്‍പ്രദേശിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പിന് മുൻപ് അത്തരമൊരു നീക്കമുണ്ടായാൽ അത് മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ എം എൽ എമാരെ ചാക്കിടാൻ ശ്രമിക്കുന്നുവെന്ന ആരോപണം ആം ആദ്മി ഉയർത്തുന്നത്. മനീന്ദർ ആരോപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ആം ആദ്മി പാർട്ടി പിളരുമെന്നും മരീന്ദർ അവകാശപ്പെട്ടു. ബി ജെ പിയുമായുള്ള മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ബന്ധം വ്യക്തമാണ്. ആം ആദ്മി ദില്ലി നേതൃത്വം പഞ്ചാബിലെ രണ്ടാം നിര നേതാക്കളോടാണ് സംസ്ഥാനത്തെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പഞ്ചാബിലെ ഏക്‌നാഥ് ഷിന്‍ഡെയാവും ഭഗവന്ത് മന്നെന്നും മരീന്ദര്‍ സിംഗ് പറഞ്ഞു.

കോൺഗ്രസ് ബി ജെ പിയുടെ ബി ടീമാണെന്ന ആം ആദ്മിയുടെ ആരോപണത്തിനെതിരേയും മരീന്ദർ രംഗത്തെത്തി. ഗോവയിലും മഹാരാഷ്ടയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം ബി ജെ പി തങ്ങളുടെ എം എൽ എമാരെ കൂറുമാറ്റി. ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വരുത്താനാണ് ബി ജെ പി അജണ്ടയോടെ ആം ആദ്മി പ്രവർത്തിക്കുന്നതെന്നും മരീന്ദർ കുറ്റപ്പെടുത്തി.

ദില്ലിക്ക് പിന്നാലെ പഞ്ചാബിലേയും എം എൽ എമാരെ ചാക്കിലാക്കാൻ ബി ജെ പി ഓപ്പറേഷൻ ലോട്ടസിന് ശ്രമിക്കുന്നുണ്ടെന്നായിരുന്നു അടുത്തിടെ ആം ആദ്മി ആരോപിച്ചത്. നിരവധി എം എൽ എമാരെ ബി ജെ പി ബന്ധപ്പെട്ടെന്നായിരുന്നു ആരോപണം. നേതാക്കൾക്ക് കോടികളാണ് ഓഫർ. 50 കോടി മുതൽ 70 കോടി വരെയാണ് നേതാക്കൾക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും ആം ആദ്മി ആരോപിച്ചിരുന്നു.

ഏകദേശം 35 ഓളം എം എൽ എമാരെ ലക്ഷ്യം വെച്ചാണ് ബി ജെ പിയുടെ നീക്കം എന്നും ആം ആദ്മി കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസിൽ നിന്നും ആം ആദ്മിയിൽ നിന്നുമുള്ള നേതാക്കളെ പാർട്ടിയിലെത്തിച്ച് സംസ്ഥാന ഭരണം അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നായിരുന്നു നേതൃത്വം പറഞ്ഞത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 94 സീറ്റുകൾ നേടിയായിരുന്നു ആം ആദ്മി പഞ്ചാബിൽ വിജയിച്ചത്.












Click it and Unblock the Notifications