കോണ്‍ഗ്രസിന്റെ 62 സീറ്റുകള്‍ എഎപി പിടിച്ചു; പഞ്ചാബില്‍ എഎപി വിജയം ഇങ്ങനെ
ചാണ്ഡിഗഡ്: പതിവ് തെറ്റിച്ച് മൂന്നാം കക്ഷിയെ തിരഞ്ഞെടുത്തിരിക്കുകയാണ് പഞ്ചാബിലെ വോട്ടര്‍മാര്‍. കോണ്‍ഗ്രസും ശിരോമണി അകാലിദളും മാറി മാറി ഭരിച്ചിരുന്ന പഞ്ചാബില്‍ ഇത്തവണ എഎപിക്കാണ് ജയം. 90ലധികം സീറ്റിലേക്ക് കുതിക്കുന്ന എഎപിയുടെ വിജയം ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ്. എഎപിയുടെ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പിടിച്ചടക്കിയാണ് എഎപിയുടെ മുന്നേറ്റം. 62 കോണ്‍ഗ്രസ് സീറ്റുകളിലാണ് എഎപി വിജയിച്ചത്. ശിരോമണി അകാലിദളിന്റെ 10 സീറ്റുകള്‍ പിടിച്ചു. വലിയ നഷ്ടം സംഭവിച്ചത് കോണ്‍ഗ്രസിനാണ്.

രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനമില്ലാതിരുന്ന ഭഗവത് മന്നിനെ മുന്നില്‍ നിര്‍ത്തിയാണ് എഎപി ഇത്തവണ പഞ്ചാബ് തിരഞ്ഞെടുപ്പ് നേരിട്ടത്. മികച്ച വിജയം നേടിയതോടെ ഭഗവത് മന്‍ മുഖ്യമന്ത്രിയാകും. സാധാരണ നടക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ സ്ഥലത്താകും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് വിവരം. അതേസമയം, പഞ്ചാബിന്റെ രാഷ്ട്രീയത്തില്‍ സമൂലമായ മാറ്റം വരികയാണ്.
ഒരു തവണ കോണ്‍ഗ്രസ് ഭരിച്ചാല്‍ അടുത്ത തവണ പ്രതിപക്ഷം ഭരണത്തിലേറും എന്നതായിരുന്നു പഞ്ചാബിലെ ഇതുവരെയുള്ള രാഷ്ട്രീയ മാറ്റം. ഈ പതിവ് പഞ്ചാബിലെ വോട്ടര്‍മാര്‍ തെറ്റിച്ചത് 2012ലാണ്. 2007ല്‍ പഞ്ചാബില്‍ അധികാരത്തിലെത്തിയ ശിരോമണി അകാലിദള്‍-ബിജെപി സഖ്യം തന്നെ 2012ലും അധികാരം പിടിച്ചു. 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പഞ്ചാബിലുള്ളവര്‍ വീണ്ടും കോണ്‍ഗ്രസിന് അവസരം നല്‍കി. അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലേറി. വലിയ വാഗ്ദാനങ്ങള്‍ നല്‍കി എത്തിയ എഎപിക്ക് മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കുമോ എന്നാണ് ഇനിയുള്ള ചോദ്യം.












Click it and Unblock the Notifications