പ്രോട്ടോകോള്‍ 'ലംഘിച്ച്' പുടിനെ സ്വീകരിച്ച് മോദി; ലിമോസിന്‍ ഒഴിവാക്കി യാത്ര: ട്രംപിനുള്ള സന്ദേശം?
ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്നലെ നല്‍കിയ ഊഷ്മള സ്വീകരണം ഒരു പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ പുടിന്റെ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍, അദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാത്തുനില്‍ക്കുകയായിരുന്നു. വിമാനമിറങ്ങി ചുവന്ന കാര്‍പെറ്റിലൂടെ വന്ന പുടിനെ മോദി അങ്ങോട്ടു പോയി ആലിംഗനം ചെയ്യുകയായിരുന്നു.
പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രത്തലവന്മാരെ പ്രധാനമന്ത്രി നേരിട്ട് വിമാനത്താവളത്തില്‍ പോയി സ്വീകരിക്കുന്നത് ഇന്ത്യയില്‍ അപൂര്‍വമാണ്. ഈ നടപടി ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെയും ഇന്ത്യ-റഷ്യ ശക്തമായ സൗഹൃദത്തെയുമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിന് മുന്‍പ് 2006-ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്‌ള്യൂ ബുഷ് ഇന്ത്യയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രോട്ടോകോള്‍ അവഗണിച്ച് വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മോദിയുടെ പെരുമാറ്റം, കേവലം സൗഹൃദത്തിന്റെ പേരിലുള്ളതായിരുന്നില്ല, മറിച്ച് അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് ലോക രാജ്യങ്ങള്‍ക്കുള്ള നയതന്ത്രപരമായ സന്ദേശമായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
സമീപ കാലത്ത് മോദിയുടെ റഷ്യന്‍ സന്ദര്‍ശന വേളയില്‍ പുടിന്‍ അദ്ദേഹത്തെ തന്റെ സ്വകാര്യ കാറില്‍ കൊണ്ടുപോയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന് പകരമായി ഇന്ത്യയിലെത്തിയ പുടിനെ സ്വന്തം വാഹനത്തിലാണ് മോദി ഔദ്യോഗിക വസതിയിലേക്കു കൊണ്ടുപോയത്.
ലോകത്ത് ഏറ്റവും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള പുടിന്‍ റഷ്യയില്‍ നിന്നു കൊണ്ടുവന്ന ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ ഒഴിവാക്കിയാണ് മോദിയോടൊപ്പം വെളുത്ത ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്തത് എന്നതു ശ്രദ്ധേയമാണ്. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ സാധാരണയായി ഉപയോഗിക്കുന്ന ഈ വാഹനത്തിന് ഏകദേശം 34-35 ലക്ഷം മുതല്‍ വിലവരും. ബുള്ളറ്റ് പ്രൂഫിംഗും മറ്റു സുരക്ഷാ നവീകരണങ്ങളും ഫോര്‍ച്യൂണറിനുണ്ടെങ്കിലും പുടിന്റെ ലിമോസിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏറെ ലളിതമാണ് ഇൗ എസ്യുവി. ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തില്‍ പുടിനുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ ഭാഗമായാണ് മോദിക്കൊപ്പം യാത്ര ചെയ്തത്.
ഈ ലാളിത്യം പാകിസ്ഥാന് നല്‍കിയ പരോക്ഷ സന്ദേശമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മോദിയോടൊപ്പം ഒരു സാധാരണ ഇന്ത്യന്‍ എസ്യുവിയില്‍ പോലും താന്‍ സുരക്ഷിതനാണെന്ന് റഷ്യന്‍ പ്രസിഡന്റ് ലോകത്തോട് വിളിച്ചുപറയുകയാണ് ഇതിലൂടെ. പുടിന്റെ വരവിന് തൊട്ടുമുമ്പ് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സന്ദേശം എന്നതു വ്യക്തമാണ്.
നേരത്തെ ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടങ്ങിയ രാഷ്ട്രത്തലവന്മാരെയും മോദി ഇതേ രീതിയില്‍ സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications