ഇനി ഗൾഫ് പണം ഒഴുകും; ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഖത്തർ, ലക്ഷ്യം ഏതൊക്കെ മേഖലകൾ?
ന്യൂഡൽഹി: ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ഖത്തർ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ന്യൂഡൽഹി സന്ദർശനത്തിന് പിന്നാലെയാണ് നിർണായക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്‌ച നടത്തിയ സംയുക്ത പ്രസ്‌താവനയിൽ വിവിധ മേഖലകളിലായി ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഖത്തർ ഒരുങ്ങുകയാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ഖത്തർ അമീർ ഇന്ത്യയിൽ എത്തിയത്.
ഖത്തർ അമീറുമായി താൻ വളരെ ഫലപ്രദമായ കൂടിക്കാഴ്ചഴ്‌ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് നിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ഞങ്ങളുടെ ചർച്ചകളിൽ വ്യാപാരം പ്രാധാന്യമർഹിക്കുന്നു. ഇന്ത്യ-ഖത്തർ വ്യാപാര ബന്ധം വർധിപ്പിക്കാനും വൈവിധ്യവത്കരിക്കാനും ഞങ്ങൾ വളരെയേറെ ആഗ്രഹിക്കുന്നു; എന്നായിരുന്നു നരേന്ദ്ര മോദി എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചത്.

10 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഖത്തർ അമീർ ദക്ഷിണേഷ്യൻ രാജ്യത്തേക്ക് എത്തുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തെ സന്ദർശനത്തിനുണ്ട്. പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് നിർണായക മേഖലകളിൽ സഹകരണം തുടരാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
അടിസ്ഥാന സൗകര്യ വികസനം, ടെക്‌നോളജി, മാനുഫാക്ചറിംഗ്, ഫുഡ് സെക്യൂരിറ്റി, ലോജിസ്‌റ്റിക്‌സ്, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ഖത്തർ ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൻ തുക ഒഴുകുന്നതോടെ ഈ മേഖലകളിൽ ഇന്ത്യയ്ക്ക് മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തങ്ങളുടെ വാർഷിക വ്യാപാരം 28 ബില്യൺ ഡോളറൽ എന്ന നിലയിൽ ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നതിന്റെ സാധ്യതകൾ തേടുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിന്റെ നിക്ഷേപ വാർത്തയും വരുന്നത്.
2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 18.77 ബില്യൺ ഡോളറായിരുന്നു. അതിൽ പ്രധാനമായും ഇന്ത്യയിലേക്കുള്ള ഖത്തറിൽ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതി ഉൾപ്പെടുന്നു. ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയുടെ 48 ശതമാനത്തിലധികം ഖത്തറിൽ നിന്നായിരുന്നു.
അതേസമയം, ഉഭയകക്ഷി ഊർജ സഹകരണം വർധിപ്പിക്കുന്നതിനും അതത് കറൻസികളിൽ ഉഭയകക്ഷി വ്യാപാരം തീർപ്പാക്കുന്നതിനും ശ്രമിക്കുമെന്ന് ഇരുപക്ഷവും അറിയിച്ചിട്ടുണ്ട്. നിർണായക മേഖലകളിൽ ഖത്തറിന്റെ നിക്ഷേപം കൊണ്ട് വന്നത് ഇന്ത്യയ്ക്ക് നേട്ടമാകും എന്നാണ് വിലയിരുത്തൽ. ഇതിന്റെ തുടർച്ചയായി കൂടുതൽ നിക്ഷേപം വരാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.












Click it and Unblock the Notifications