ആറ് അല്ല, എട്ട് വർഷം രാഹുലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല: ജനപ്രാതിനിധ്യ നിയമം പറയുന്നതെന്ത്
ദില്ലി: ക്രിമിനല്‍ മാനനഷ്ട കേസില്‍ രണ്ട് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരിക്കുകയാണ്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സൂറത്ത് കോടതി 'മോദി' പരാമർശത്തിന്റെ പേരില്‍ സൂറത്ത് കോടതിയാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. വിധി വന്ന് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവും പുറത്ത് വരുന്നത്.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ വയനാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മേല്‍ക്കോടതികളില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധി നേടിയെടുക്കാന്‍ സാധിച്ചാല്‍ വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങില്ല. നേരത്തെ ലക്ഷ ദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ വിധി വന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കേരള ഹൈക്കോടതി എംപിക്കെതിരായ വിധി സ്റ്റേ ചെയ്തതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദ് ചെയ്യപ്പെടുകയാണ് ഉണ്ടായത്. ഇത്തരമൊരു ആനുകൂല്യമാണ് മേല്‍ക്കോടതിയില്‍ നിന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മറിച്ച് മേല്‍ക്കോടതികളും സൂറത്ത് കോടതി വിധി ശരിവെക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി അയോഗ്യനായി തുടരും എന്ന് മാത്രമല്ല, അദ്ദേഹത്തിന് ആറ് മാസത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, എംപിമാരും എംഎല്‍എമാരും ഏതെങ്കിലും കേസില്‍ രണ്ട് വർഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ അംഗത്വം നഷ്ടമാവും. ഇതോടൊപ്പം തന്നെ ശിക്ഷാകാലാവധി കഴിഞ്ഞാല്‍ ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന നിയമവും ഉണ്ട്.
കോടതി വിധി നിലനില്‍ക്കുകയാണെങ്കില്‍ ആകെ എട്ട് വര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാകില്ല. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം തന്നെ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത ശക്തമാണ്. അങ്ങനെയെങ്കില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രാഹുലിന് വയനാട്ടില്‍ ഒരു പകരക്കാരനെ കോണ്‍ഗ്രസ് കണ്ടെത്തേണ്ടി വരും. അത് ആര് എന്നത് സംബന്ധിച്ച ചർച്ച ഉടന്‍ തന്നെ ആരംഭിക്കുകയും ചെയ്യും.












Click it and Unblock the Notifications