'അദാനിയെ അറസ്റ്റ് ചെയ്യില്ല... മോദിജി രക്ഷയ്ക്കുണ്ട്'; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍
ന്യൂഡല്‍ഹി: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുടെ ഇടപാടുകളില്‍ ജെപിസി അന്വേഷണം വേണം എന്നും അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്നും രാഹുല്‍ പറഞ്ഞു. ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ വഞ്ചനയ്ക്കും തട്ടിപ്പിനും കേസെടുത്ത പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കോടികളുടെ സൗരോര്‍ജ കരാറുകള്‍ നേടി എന്നാണ് അദാനിക്കെതിരായ കേസ്. കോഴ നല്‍കിയ വിവരം യുഎസ് നിക്ഷേപകരില്‍ നിന്ന് മറച്ചുവെച്ചുവെന്നും രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കി എന്നുമാണ് അദാനിക്കെതിരായ കുറ്റപത്രത്തില്‍ ഉള്ളത്.

കേസിന്റെ പശ്ചാത്തലത്തില്‍ ഗൗതം അദാനിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യണം എന്നും പ്രധാനമന്ത്രിയാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അദാനി അമേരിക്കന്‍ നിയമങ്ങളും ഇന്ത്യന്‍ നിയമങ്ങളും ലംഘിച്ചു എന്ന് വ്യക്തമായിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് അദാനി സ്വതന്ത്രമായി പുറത്തിറങ്ങി നടക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
'അദാനിക്കെതിരെ ഇന്ത്യയില്‍ ഒരു നടപടിയും ഉണ്ടാകില്ല എന്നറിയാം. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. മാത്രമല്ല സെബി മേധാവിയെ ഉടന്‍ സ്ഥാനത്ത് നിന്ന് മാറ്റണം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്,' രാഹുല്‍ പറഞ്ഞു. മോദിയുടെ സ്മ്പൂര്‍ണ പിന്തുണ അദാനിക്കുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.
അദാനിയുടെ നിയന്ത്രണത്തിലുള്ളതിനാല്‍ മോദിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും രാഹുല്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും അന്വേഷണം നേരിടണമെന്നും ബിജെപിയെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവ് ഇതില്‍ ഇല്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ഫണ്ടിംഗ് അദാനിയുടെ കൈയിലാണ് എന്നും അതുകൊണ്ട് പ്രധാനമന്ത്രിക്ക് ആഗ്രഹിച്ചാലും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
സെബി മേധാവി-അദാനി-ബിജെപി നെക്‌സസിനെ തങ്ങള്‍ തുറന്നുകാട്ടുമെന്നും രാഹുല്‍ വ്യക്തമാക്കി. ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് യുഎസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.












Click it and Unblock the Notifications