ആ പ്രജ്ഞ്യാ സിംഗൊക്കെ ഇപ്പോഴും എംപിയല്ലേ..? ഇതാണ് ശരിയായ അച്ഛേ ദിന്‍; പരിഹസിച്ച് സ്വര ഭാസ്‌കര്‍
ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് നടി സ്വര ഭാസ്‌കര്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തന്നെ ജനാധിപത്യം തകരുന്ന കാഴ്ചയാണ് ഇത് എന്ന് സ്വര ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിംഗ് താക്കൂര്‍ എല്ലാം ഇപ്പോഴും എം പിയായി തുടരുന്നത് എങ്ങനെയാണ് എന്നും സ്വര ഭാസ്‌കര്‍ ചോദിക്കുന്നു.
പ്രജ്ഞാ സിംഗ് താക്കൂര്‍ ഇപ്പോഴും പാര്‍ലമെന്റ് അംഗമാണ്. തീവെപ്പിനും അക്രമത്തിനും പ്രേരണ നല്‍കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഒരു ഭീകരവാദിക്ക് ലഭിക്കുമ്പോഴാണ് അച്ഛേ ദിന്‍ സംഭവിക്കുന്നത് എന്ന് സ്വര ഭാസ്‌കര്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു സ്വര ഭാസ്‌കറിന്റെ പ്രതികരണം. ഒരിക്കല്‍ ഒരു പ്രതിപക്ഷ നേതാവിനെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയ വാര്‍ത്ത റഷ്യയില്‍ നിന്ന് വന്നിരുന്നു എന്നും സ്വര പറഞ്ഞു.

എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും അതിന്റെ സംവിധാനവും ജനാധിപത്യത്തെ തന്നെ നശിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ് എന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു. ഭോപ്പാലില്‍ നിന്നുള്ള എം പിയായ പ്രജ്ഞാ സിംഗ് താക്കൂര്‍ ബി ജെ പി നേതാവാണ്. വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ പ്രജ്ഞാ സിംഗ് താക്കൂര്‍ പലപ്പോഴും അപര മതവിദ്വേഷവും പ്രചരിപ്പിച്ച് വിവാദത്തിലായിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധിയെ 2019 ലെ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതോടൊപ്പം തന്നെ ഉത്തരവിന് അപ്പീല്‍ നല്‍കാന്‍ അനുവദിച്ച് കൊണ്ട് ശിക്ഷ 30 ദിവസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വന്ന് 24 മണിക്കൂറിന് അകം രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു.
ഇതിന് എതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. സീതാറാം യെച്ചൂരി, ഡി രാജ, അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി, കെ ചന്ദ്രശേഖര്‍ റാവു, എംകെ സ്റ്റാലിന്‍, പിണറായി വിജയന്‍, ഹേമന്ത് സോറന്‍, ശരദ് പവാര്‍, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം സംസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികള്‍ നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. തിങ്കളാഴ്ച രാജ്യത്തെ എല്ലാ രാജ്ഭവനിലേക്കും മാര്‍ച്ച് നടത്തും എന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..
2019 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്നാണ് പേര് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഐപിഎല്‍ സാമ്പത്തിക തിരിമറിയില്‍ നാട് വിട്ട് ലളിത് മോദി, ബാങ്ക് വായ്പാ തട്ടിപ്പില്‍ നാട് വിട്ട നീരവ് മോദി എന്നിവരുടെ പേര് പരാമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ അന്നത്തെ പ്രസംഗം.
ഗുജറാത്തില്‍ നിന്നുള്ള നേതാവായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ ആണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സൂറത്ത് കോടതിയുടെ വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടി സപീക്കര്‍ക്ക് പരാതിയും ലഭിച്ചു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷമോ അതില്‍ അധികമോ ശിക്ഷ ലഭിച്ചവരെ അയോഗ്യരാക്കണം എന്നാണ് സുപ്രീം കോടതിയുടെ വിധി.












Click it and Unblock the Notifications