രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിപക്ഷ പ്രതിഷേധം; തൃണമൂൽ കോൺഗ്രസിന്റെ അപ്രതീക്ഷിത എൻട്രി
ദില്ലി: രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടിയിൽ ശക്തമായ പ്രതിഷേധം നടത്തുന്നത് സംബന്ധിച്ച് കോൺഗ്രസ് വിളിച്ച് ചേർത്ത പ്രതിപക്ഷ പാർട്ടി പ്രതിനിധികളുടെ യോഗത്തിന് അപ്രതീക്ഷിത പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്. പാർട്ടി അംഗങ്ങളായ പ്രസൂൺ ബാനർജി, ജവ്ഹർ സിർകാർ എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുത്തത്. പ്രതിപക്ഷം ഒറ്റക്കെട്ടായി മുൻപോട്ട് പോകണമന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.
ബിജെപിയോടും കോൺഗ്രസിനോടും തുല്യ അകലം പാലിച്ച് മുന്നോട്ട് പോകുകയായിരുന്നു തൃണമൂൽ കോൺഗ്രസ്. കോൺഗ്രസുമായി ഒരു സഖ്യവുമില്ലെന്ന് വ്യക്തമാക്കിയ തൃണമൂൽ, കോൺഗ്രസിനെ പുറത്ത് നിർത്തി മൂന്നാം മുന്നണിക്ക് കോപ്പ് കൂട്ടുന്നതിനിടെയാണ് രാഹുലിന്റെ അയോഗ്യത നടപടിയുണ്ടാകുന്നത്.ഇതോടെയാണ് ഇപ്പോൾ വൈര്യം മറന്ന് കോൺഗ്രസിനെ പിന്തുണച്ച് തൃണമൂൽ എത്തിയിരിക്കുന്നത്. അതേസമയം തൃണമൂലിന്റെ പിന്തുണയെ സ്വാഗതം ചെയ്യുന്നതായി എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.

'തങ്ങളെ പിന്തുണച്ച എല്ലാ പ്രതിപക്ഷ പാർട്ടികളോടും നന്ദി അറിയിക്കുന്നു.ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ആരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു', മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെ കൂടാതെ ഡി എം കെ, സമാജ്വാദി പാർട്ടി, ജെ ഡി യു, ബി ആർ എസ്, സി പി എം, ആർ ജെ ഡി, എൻ സി പി, സി പി ഐ, ഐ യു എം എൽ, എം ഡി എം കെ, കെസി, ആർ എസ് പി, ആം ആദ്മി പാർട്ടി, ജെ ആന്റ് കെ എൻ സി, ശിവസേന എന്നീ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.
അതേസമയം രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് കറുപ്പണിഞ്ഞ് കൊണ്ടായിരുന്നു കോൺഗ്രസ് എംപിമാർ യോഗത്തിൽ പങ്കെടുത്തത്. കേരളത്തിൽ നിന്നുള്ള നേതാക്കളായ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, ആർ എസ് പി നേതാവ് എൻകെ പ്രേമചന്ദ്രൻ, സി പി ഐ നേതാവ് ബിനോയ് വിശ്വം തുടങ്ങിയവരെല്ലാം തന്നെ കറുപ്പണിഞ്ഞാണ് എത്തിയത്. മാത്രമല്ല തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്രീയ സമിതിയും ശിവസേന നേതാക്കളും കറുപ്പ് വസ്ത്രമായിരുന്നു ധരിച്ചത്.
അതിനിടെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ തുടങ്ങിയപ്പോൾ തന്നെ നിർത്തിവെച്ചു. പ്ലക്കാർഡ് ഉയർത്തി വലിയ പ്രതിഷേധമായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം തീർത്തത്. പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.












Click it and Unblock the Notifications