13 തവണ കരിയര്‍ ആരംഭിക്കാന്‍ നോക്കി, അതിലെല്ലാം പരാജയപ്പെട്ടു; രാഹുലിനെ പരിഹസിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ മറുപടി പറയവേ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി അമിത് ഷാ. രാഹുല്‍ ഗാന്ധി 13 തവണ പുതുതായി തന്റെ കരിയര്‍ ആരംഭിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത നേതാവാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 2008ല്‍ ഈ എംപി ഒരു കര്‍ഷക വിധവയെ കാണാന്‍ പോയിരുന്നു. കലാവതിയെന്ന ആ യുവതിയുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ് രാഹുല്‍ കൊണ്ടുവന്നത്.
അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു അദ്ദേഹം. ദാരിദ്ര്യത്തെ കുറിച്ചും, കഷ്ടപ്പാടുകളെ കുറിച്ചും അവര്‍ രാഹുലിനെ അറിയിച്ചിരുന്നു. എന്നിട്ട് എന്താണ് ചെയ്തത്. മോദി സര്‍ക്കാര്‍ ആ യുവതിക്ക് വീട് കൊടുത്തു, വൈദ്യുതി കൊടുത്തു, ഗ്യാസും റേഷനും, ശൗചാലവും നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു.2008ല്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലൂടെയാണ് കലാവതി എന്ന യുവതി പ്രശസ്തയാവുന്നത്.

കര്‍ഷകനായ ഇവരുടെ ഭര്‍ത്താവ് 2005ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഇവരുടെ ജീവിതം നരകതുല്യമായിരുന്നു. ഇവരുടെ ജീവിതത്തെ കുറിച്ചാണ് രാഹുല്‍ പാര്‍ലമെന്റില്‍ സംസാരിച്ചത്. അതേസമയം അവിശ്വാസ പ്രമേയത്തിലായിരുന്നു അമിത് ഷാ രാഹുലിനെ വിമര്‍ശിച്ചത്.
പ്രതിപക്ഷത്തിന് മാത്രമാണ് ഈ സര്‍ക്കാരില്‍ വിശ്വാസമില്ലാത്തത്. രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല വിശ്വാസമാണെന്നും അമിത് ഷാ പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയാണ് അമിത് ഷാ പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്. മോദി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍, സ്ത്രീകള്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്കെല്ലാം ഗുണം ചെയ്തു. കൊവിഡിനെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും, മയക്കുമരുന്നിനെതിരായ പോരാട്ടവും സര്‍ക്കാരിന്റെ നേട്ടങ്ങളാണ്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. കാരണം മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം രാഷ്ട്രീയ പ്രേരിതമാണ്. മണിപ്പൂരില്‍ നടക്കുന്നത് നാണംകെട്ട കാര്യമാണ്. പക്ഷേ അതിലും നാണംകെട്ട കാര്യമാണ് പ്രതിപക്ഷം നടത്തുന്നത്. കോണ്‍ഗ്രസ് ഭരണ കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷകാലം അവര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. പരസ്പരമുള്ള ശത്രുത വളര്‍ത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളതെന്നും അമിത് ഷാ ആരോപിച്ചു. ഇപ്പോല്‍ മണിപ്പൂരിലെ അക്രമങ്ങളില്‍ 68 ശതമാനം കുറഞ്ഞിരിക്കുകയാണ്. വികസനം വേഗത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 50 തവണയാണ് സന്ദര്‍ശിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി തന്നെ ബന്ധിപ്പിച്ചത് പ്രധാനമന്ത്രിയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് ഈ അവിശ്വാസ പ്രമേയം. കുടുംബ രാഷ്ട്രീയം, അഴിമതി, ജാതീയത എന്നിവയായിരുന്നു മുപ്പത് വര്‍ഷം രാജ്യത്തുണ്ടായിരുന്നത്. അതിനെ ഇല്ലാതാക്കി, പ്രകടനത്തിന്റെ രാഷ്ട്രീയം സമ്മാനിച്ചത് മോദിയാണെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications