'ഭാരത് ഭാഗ്യ വിധാതാ': അന്ന് കണ്ണുനീർ, ഇന്ന് രാഹുലിന് മുന്നില്‍ പുഞ്ചിരി, ഒരു അപൂർവ്വ കൂടിക്കാഴ്ച
ഡല്‍ഹി: സ്വാതന്ത്ര്യദിനത്തലേന്ന് ഡല്‍ഹിയില്‍ നിന്നുള്ള പച്ചക്കറി കച്ചവടക്കാരനൊപ്പം ഉച്ചഭക്ഷണം കഴിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിലക്കയറ്റം മൂലമുള്ള തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ചുകൊണ്ട് അടുത്തിടെ സോഷ്യൽ മീഡിയ വൈറലായി മാറിയ രാമേശ്വർ എന്ന കച്ചവടക്കാരനൊപ്പമാണ് രാഹുല്‍ ഉച്ചഭക്ഷണം കഴിച്ചത്.
രാമേശ്വരിനൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. "രാമേശ്വര് ജി വളരെ ആക്ടീവയ വ്യക്തിയാണ്! അദ്ദേഹത്തിൽ കോടിക്കണക്കിന് ഇന്ത്യക്കാരുടെ സൗഹാർദ്ദപരമായ സ്വഭാവത്തിന്റെ നേർക്കാഴ്ച കാണാം." മുന്‍ എ ഐ സി സി അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു.പ്രതികൂല സാഹചര്യങ്ങളിലും പുഞ്ചിരിയോടെ മുന്നേറുന്നവർ യഥാർത്ഥത്തിൽ 'ഭാരത് ഭാഗ്യ വിധാതാ (ഇന്ത്യയുടെ വിധി നിർമ്മാതാക്കൾ) ആണ്,' എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇരുവരുടേയും ചിത്രം കോണ്‍ഗ്രസും ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. "ജനങ്ങളുടെ നായകനെ കാണാനുള്ള ആഗ്രഹം രാമേശ്വർ ജി പ്രകടിപ്പിച്ചിരുന്നു. അവർ കണ്ടുമുട്ടി" കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. ചിത്രങ്ങള്‍ വളരെ വേഗത്തില്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു.
വില കൂടിയതിനാൽ തക്കാളി വാങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ കൈവണ്ടിയുമായി സംസാരിക്കുന്ന രാമേശ്വറിന്റെ വീഡിയോ ആയിരുന്നു നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ പ്രചരിച്ചത്. വേറെ വല്ല പച്ചക്കറിയും വാങ്ങി വില്‍പ്പന നടത്തിക്കൂടേയെന്ന് ചോദിച്ചപ്പോള്‍ പൈസയില്ലേയെന്ന് പറഞ്ഞ് രാമേശ്വർ പൊട്ടിക്കരയുകയായിരുന്നു. വിലക്കയറ്റത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ ഗാന്ധിയും മറ്റ് നിരവധി കോൺഗ്രസ് നേതാക്കളും വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
വീടിന്റെ വാടക മാസം 4000 രൂപയാണ്. എന്നാല്‍ കച്ചവടത്തിലൂടെ ദിവസം 100 രൂപ മാത്രമാണ് സമ്പാദിക്കാന്‍ സാധിക്കുന്നത്. തുച്ഛമായ ഈ വരുമാനം കൊണ്ട് വീട്ടു വാടകപോലും കൊടുക്കാന്‍ സാധിക്കുന്നില്ലെന്നത് ജഹാംഗീർപുരിയിൽ താമസിക്കുന്ന രാമേശ്വർ പറഞ്ഞു. തന്റെ ചെറിയ കടയിലേക്ക് തക്കാളി വാങ്ങാൻ മകനോടൊപ്പം മൊത്ത പച്ചക്കറി മാർക്കറ്റിൽ എത്തിയപ്പോഴായിരുന്നു ഒരു മാധ്യമം ചെറുകിട കച്ചവടക്കാരന്റെ പ്രതികരണം തേടിയത്.
നടൻ വിജയ് വർമ്മയും തന്റെ ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ പങ്കുവെക്കുകയും ദുരിതത്തിലായ പച്ചക്കറി വ്യാപാരിക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. "ഇത് ഹൃദയഭേദകമാണ്. അവനെയും അവനെപ്പോലെ ഉപജീവനമാർഗം നഷ്ടപ്പെട്ടവരെയും സഹായിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ" എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications