രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കും? കോണ്‍ഗ്രസ് ആസ്ഥാനം ബ്ലോക്കാക്കി പോലീസ്, സച്ചിന്‍ കസ്റ്റഡിയില്‍
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കുള്ള കുരുക്ക് മുറുകുന്നു. അദ്ദേഹത്തിനോടുള്ള ചോദ്യങ്ങള്‍ക്കൊന്നും തൃപ്തികരമായ മറുപടിയല്ല രാഹുലില്‍ നിന്ന് ലഭിച്ചത്. അതുകൊണ്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള പ്ലാനും ഇഡിക്കുണ്ടെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാന നഗരി കലാപഭൂമിയാക്കിയിരിക്കുകയാണ്.
പോലീസ് കോണ്‍ഗ്രസ് ആസ്ഥാനത്തിനുള്ളില്‍ വരെയെത്തി. നേതാക്കള്‍ക്കൊക്കെ പോലീസിന്റെ മര്‍ദനം കാര്യമായി ഏറ്റിട്ടുണ്ട്. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ അടക്കം കുറേ നേരെ തടഞ്ഞുവെച്ചെന്നും റിപ്പോര്‍ട്ടുണ്ട്. രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദ വിവരങ്ങളിലേക്ക്.....

രാഹുല്‍ ഗാന്ധി ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. മതിയായ തെളിവുകള്‍ ഉണ്ടെന്ന് ഇതിനോടകം തന്നെ ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പ്രതിഷേധത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചത് അറസ്റ്റുണ്ടാവുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. രാഹുല്‍ ഉത്തരങ്ങള്‍ തിരുത്തുന്നതും, കൃത്യമായ മറുപടികളില്ലാത്തതും ഇഡി അറസ്റ്റ് ചെയ്യാനുള്ള കാരണമായി കാണുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാല്‍ രാഹുലിനെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുലിനെ ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

എത്ര അടിച്ചമര്‍ത്താന്‍ നോക്കിയാലും മുന്നോട്ട് പോകുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയ്‌ക്കൊപ്പം ശ്രീ ഗംഗാറാം ആശുപത്രിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ചികിത്സയിലാണ്. അതേസമയം ദീര്‍ഘനേരമെടുത്താണ് രാഹുല്‍ ഓരോ ചോദ്യത്തിനും മറുപടി നല്‍കുന്നത്. ചില മറുപടികള്‍ മാറ്റിപ്പറയുകയോ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ട്. രാഹുല്‍ പറയുന്ന കാര്യങ്ങളെ രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കി കുടുക്കുകയാണ് ഇഡി ഇപ്പോള്‍ ചെയ്യുന്നത്.

അതേസമയം എഐസിസി ആസ്ഥാനത്ത് പ്രതിഷേധം കടുക്കുകയാണ്. ദില്ലി പോലീസ് കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് കടന്നതിന് പിന്നാലെ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയത്. പോലീസും ദ്രുതകര്‍മ സേനയും കയറി പ്രവര്‍ത്തകരെ മര്‍ദിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നാളെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. പോലീസുകാര്‍ സര്‍ക്കാരിന്റെ ഗുണ്ടകളെന്ന് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇഡി ഓഫീസിന് മുന്നില്‍ രാഹുലിന് പിന്തുണയുമായി എത്തിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഇഡി ഓഫീസില്‍ നിന്നില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു.

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെയും ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കയറിയിട്ടില്ലെന്ന് ദില്ലി പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. ബലം പ്രയോഗിച്ച് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും എസ്പി ഹൂഡ പറഞ്ഞു. ബിജെപിയുടെ സ്വകാര്യ സേനയെ പോലെയാണ് ദില്ലി പോലീസ് പെരുമാറുന്നതെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് കയറിയത് ജനാധിപത്യ സംവിധാനത്തിന് കളങ്കമാണ്. ഈ രാജ്യത്തെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഓര്‍ക്കണമെന്ന് ഗാര്‍ഗെ പറഞ്ഞു.

എണ്ണൂറോളം ആളുകളെയാണ് മൂന്ന് ദിവസത്തെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തതെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. പാര്‍ട്ടി ആസ്ഥാനത്ത് കയറിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം നേതാക്കളെല്ലാം തിരക്കിട്ട ചര്‍ച്ചകളിലാണ്. ഭൂപേഷ് ബാഗല്‍, സുര്‍ജേവാല, വേണുഗോപാല്‍, അധീര്‍ രഞ്ജന്‍ ചൗധരി, എന്നിവരെല്ലാം പോലീസ് നടപടി ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. തനിക്ക് പാര്‍ട്ടി ആസ്ഥാനത്തേക്കത് പോകാന്‍ പോലും കഴിയുന്നില്ല. പൂര്‍ണമായും ബ്ലോക് ചെയ്തിരിക്കുകയാണെന്ന് ദീപേന്ദര്‍ ഹൂഡ പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്തേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു.












Click it and Unblock the Notifications