മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ 15 നാള്‍ നടന്നത് ഇക്കാര്യങ്ങള്‍; അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദ്യ പതിനഞ്ച് ദിവസത്തിനുള്ളില്‍ രാജ്യത്ത് സംഭവിച്ച കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
ബംഗാളിലെ ദാരുണമായ ട്രെയിന്‍ അപകടം, കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍, ട്രെയിന്‍ യാത്രക്കാരുടെ ദുരിതം, നീറ്റ് പരീക്ഷ അഴിമതി, നീറ്റ് പിജി റദ്ദാക്കല്‍, യുജിസി നെറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച, പാല്‍, ധാന്യങ്ങള്‍, ഗ്യാസ്, ടോള്‍ എന്നിവയുടെ വില വര്‍ധന, കാട്ടുതീ, ജല പ്രതിസന്ധി, കാര്യമായ സജ്ജീകരണമില്ലാത്തത് കൊണ്ട് ഉഷ്ണതരംഗത്തില്‍ ആളുകള്‍ മരിക്കുന്നത് എന്നിവയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പതിനഞ്ച് നാള്‍ നടന്ന പത്ത് കാര്യങ്ങളെന്ന് രാഹുല്‍ പറഞ്ഞു.

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളന സമയത്ത് തന്നെയാണ് രാഹുല്‍ മൂന്നാം മോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. മോദി സര്‍ക്കാര്‍ മാനസികമായി പ്രതിരോധത്തിലാണ്. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മോദിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. നരേന്ദ്ര മോദി സ്വന്തം സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.
ഭരണഘടനയ്ക്ക് നേരെയാണ് മോദി സര്‍ക്കാരിന്റെ ഓരോ നടപടികളുമെത്തുന്നത്. ഇന്ത്യ സഖ്യം അതിന് അനുവദിക്കില്ല. സര്‍ക്കാരിന് മേല്‍ തീര്‍ച്ചയായും ഇന്ത്യ സഖ്യം സമ്മര്‍ദം ചെലുത്തും. ജനങ്ങളുടെ ശക്തമായ ശബ്ദമായി ഞങ്ങളുണ്ടാവുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. നേരത്തെ ഭരണഘടനാ കോപ്പികള്‍ കൈയ്യിലേന്തയിലാണ് പ്രതിപക്ഷത്തെ നേതാക്കള്‍ ലോക്‌സഭയിലേക്ക് മാര്‍ച്ച് നടത്തിയത്. ലോക്‌സഭാ ചേംബറിലേക്കും ഇന്ത്യ സഖ്യം മാര്‍ച്ച് ചെയ്തിരുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രൂക്ഷമായി തന്നെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇരുവരും ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഭരണഘടനയുടെ കോപ്പികളും കോണ്‍ഗ്രസ് നേതാക്കള്‍ കൈവശം കരുതിയിരുന്നു.
പ്രധാനമന്ത്രിയും അമിത് ഷായും ഭരണഘടനയ്ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ പ്രതിപക്ഷം ഒരിക്കലും അംഗീകരിക്കില്ല. ഇതൊരിക്കലും നടക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. അതുകൊണ്ടാണ് കൈവശം ഭരണഘടന കോപ്പികള്‍ കരുതിയത്. സത്യപ്രതിജ്ഞ ചെയ്തതും അങ്ങനെയാണ്. ഒരു ശക്തിക്കും ഭരണഘടനയെ തടയാനാവില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ലോക്‌സഭയില്‍ അടിയന്തരാവസ്ഥയെ കുറിച്ചായിരുന്നു മോദി സംസാരിച്ചത്. രാജ്യത്തിന്റെ ജനാധിപത്യത്തിലേറ്റ കറുത്ത പാടിന് 50 വര്‍ഷം തികഞ്ഞുവെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications