'എത്ര തവണ അദാനി പ്രധാനമന്ത്രിക്കൊപ്പം വിദേശത്ത് പോയി?' സഭയിൽ 4 ചോദ്യങ്ങളുയർത്തി രാഹുൽ ഗാന്ധി

ദില്ലി: അദാനി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കും എതിരെ രാഹുല്‍ ഗാന്ധി ആക്രമണം കടുപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും അദാനിയും ഒരുമിച്ച ഫോട്ടോകള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി ആയിരുന്നു രാഹുലിന്റെ വിമര്‍ശനം. അദാനിയുമായി ബന്ധപ്പെട്ട് നാല് ചോദ്യങ്ങളാണ് രാഹുല്‍ പ്രധാനമന്ത്രിയോട് ചോദിച്ചത്.
1. എത്ര തവണയാണ് പ്രധാനമന്ത്രി അദാനിയുമൊത്ത് വിദേശയാത്ര നടത്തിയിട്ടുളളത്?
2. എത്ര തവണ അദാനി പ്രധാനമന്ത്രിയുടെ വിദേശ യാത്രയെ അനുഗമിച്ചിട്ടുണ്ട്?
3. താങ്കളുടെ വിദേശയാത്രയ്ക്ക് തൊട്ട് പിന്നാലെ എത്ര തവണ അദാനി ആ രാജ്യം സന്ദര്‍ശിക്കുകയും കരാറുകള്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്?
4. ഇലക്ടോറല്‍ ബോണ്ടുകളായി എത്ര പണം അദാനി ബിജെപിക്ക് നല്‍കിയിട്ടുണ്ട്.?
'ഭാരത് ജോഡോ യാത്രയ്ക്കിടെ തമിഴ്‌നാട്ടിലും കേരളത്തിലും ഹിമാചല്‍ പ്രദേശിലും എല്ലായിടത്തും കേട്ട ഒരു പേരാണ് അദാനി എന്നത്. സോളാര്‍ എനര്‍ജി മുതല്‍ അദാനി ജി കൈ വെച്ച ഒരു ബിസിനസ്സും ഇതുവരെ പരാജയപ്പെട്ടിട്ടില്ല. തന്റെ യാത്രയ്ക്കിടെ ആളുകള്‍ ചോദിച്ചത് എങ്ങനെയാണ് അദാനി ഇത്തരത്തില്‍ എല്ലാ ബിസ്സിനസ്സിലും വിജയിക്കുന്നത്, എന്താണ് പ്രധാനമന്ത്രിയുമായി അദാനിക്കുളള ബന്ധം എന്നാണ്'.
'2014നും 2022നും ഇടയില്‍ അദാനിയുടെ ആസ്തികളുടെ മൂല്യം 8 ബില്യണ്‍ ഡോളറില്‍ നിന്നും 140 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നത് എങ്ങനെ ആണെന്നും ആളുകള്‍ തന്നോട് ചോദിക്കുന്നു. കോടീശ്വരന്മാരുടെ പട്ടികയില്‍ അറുന്നൂറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് അദാനി എത്തി. 2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതോടെയാണ് യഥാര്‍ത്ഥ മാജിക് ആരംഭിച്ചത്', രാഹുല്‍ പറഞ്ഞു. ആറ് എയര്‍പോര്‍ട്ടുകളുടെ കരാര്‍ അദാനിക്ക് നല്‍കുന്നതിന് വേണ്ടി നിയമങ്ങള്‍ വരെ മാറ്റിയെന്നും രാഹുല്‍ ആരോപിച്ചു.
'അദാനി ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആയിരുന്നു അത് ചെയ്തിരുന്നത്. എന്നാല്‍ കരാര്‍ അദാനിക്ക് ലഭിക്കുന്നു. മോദിയുടെ ഒരൊറ്റ സന്ദര്‍ശനം കൊണ്ട് ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ ഇടപാടുകളുടെ 90 ശതമാനവും അദാനിക്ക് ലഭിക്കുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ക്കേ ആരംഭിച്ചതാണ് അദാനിയുമായുളള ബന്ധം. മോദിയുടെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന മനുഷ്യന്‍, മോദിയുടെ വിധേയന്‍, ഗുജറാത്തിലെ വികസനത്തിന് അദാനി മോദിയെ സഹായിച്ചു. ശരിക്കുളള മാജിക് ആരംഭിച്ചത് 2014ല്‍ മോദി ദില്ലിയില്‍ എത്തിയപ്പോഴാണ്', രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications