ലോക്‌സഭയിലെ പ്രതിഷേധം; ഹൈബി ഈഡനും ടി എന്‍ പ്രതാപനുമെതിരെ നടപടിയ്ക്ക് സാധ്യത
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച എംപിമാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചന. ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവരാണ് വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇരുവരെയും സസ്‌പെൻഡ് ചെയ്‌തേക്കും എന്നാണ് സൂചന.
ലോക്‌സഭയുടെ അന്തസിന് ചേരാത്ത രീതിയിൽ പ്രവർത്തിക്കുകയോ സഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്താൽ സഭയിൽ നിന്നും അംഗങ്ങളെ സസ്‌പെൻഡ് ചെയ്യാം. ഇതിനായി പാർലമെന്ററികാര്യ മന്ത്രിയോ സർക്കാരോ പ്രമേയം പാസാക്കണം. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അയോഗ്യനാക്കികൊണ്ടുള്ള നടപടി.

കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019ലെ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്.
ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതിക്കാരൻ. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുലിന്റെ പരാമർശം. ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. വയനാട്ടിൽ നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുൽ ഗാന്ധി.
ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വ്യാഴാഴ്ചയാണ് രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽഡ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ കേസ് ഉണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപത്തിന് ആഹ്വാനംചെയ്തെന്ന കുറ്റം ചുമത്തി ആണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയെന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications