'ഇന്ത്യയ്ക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി? ആരാണ് ഇതിന് അനുമതി നല്‍കിയത്?' ജയ്ശങ്കറിനോട് രാഹുല്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തുന്നതിന് മുന്‍പ് പാകിസ്ഥാനെ വിവരം അറിയിച്ചു എന്ന വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണം നടത്തുന്നു എന്ന സന്ദേശം നേരത്തെ തന്നെ പാകിസ്ഥാന് നല്‍കാന്‍ ആരാണ് അനുമതി നല്‍കിയത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. എക്‌സ് അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത് ഒരു കുറ്റകൃത്യമാണെന്നും രാഹുല്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് പരസ്യമായി സമ്മതിച്ച വിദേശകാര്യ മന്ത്രിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ഇസ്ലാമാബാദുമായി ഇത്തരം വിവരങ്ങള്‍ പങ്കുവെച്ചതിന്റെ ഫലമായി ഇന്ത്യന്‍ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു.

'നമ്മുടെ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യം പാകിസ്ഥാനെ അറിയിക്കുന്നത് ഒരു കുറ്റകൃത്യമാണ്. കേന്ദ്ര സര്‍ക്കാരാണ് അത് ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ആരാണ് അതിന് അനുമതി നല്‍കിയത്? ഇതിന്റെ ഫലമായി നമ്മുടെ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടു?' രാഹുല്‍ ഗാന്ധി ചോദിച്ചു. ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പറയുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
രാഹുല്‍ ഗാന്ധി പങ്കുവെച്ച വീഡിയോയില്‍, സൈന്യത്തിനെതിരെയല്ല, ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ മാത്രമാണ് ആക്രമണം നടത്തുന്നതെന്ന് സര്‍ക്കാര്‍ പാകിസ്ഥാന് സന്ദേശം അയച്ചതായി വിദേശകാര്യ മന്ത്രി പറയുന്നത് വ്യക്തമാണ്. 'ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെയാണ് ആക്രമണം നടത്തുന്നത്, സൈന്യത്തിനെതിരെയല്ല ആക്രമണം നടത്തുന്നത്' എന്ന് പാകിസ്ഥാന് ഒരു സന്ദേശം അയച്ചിരുന്നു.
അതിനാല്‍ സൈന്യത്തിന് വേറിട്ടു നില്‍ക്കാനും ഈ പ്രക്രിയയില്‍ ഇടപെടാതിരിക്കാനും ഓപ്ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ആ നല്ല ഉപദേശം സ്വീകരിക്കാന്‍ തീരുമാനിച്ചില്ല,' വീഡിയോയില്‍ മന്ത്രി പറയുന്നു. എന്നാല്‍ ഈ വീഡിയോ എന്ന് ചിത്രീകരിച്ചതമാണ് എന്ന് വ്യക്തമല്. അതിനിടെ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് ജയ്ശങ്കര്‍ പറഞ്ഞു എന്ന റിപ്പോര്‍ട്ട് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിഷേധിച്ചു.
മന്ത്രി അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹത്തെ തെറ്റായി ഉദ്ധരിക്കുകയായിരുന്നെന്നും പിഐബിയുടെ വസ്തുതാ പരിശോധനാ യൂണിറ്റ് പറഞ്ഞു. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
അതേസമയം ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല എന്നും ഇത് വെറും മുന്നറിയിപ്പ് മാത്രമാണ് എന്നുമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. 'ശരിയായ സമയം വരുമ്പോള്‍ ഞങ്ങള്‍ മുഴുവന്‍ ചിത്രവും ലോകത്തിന് കാണിക്കും. ഞങ്ങള്‍ പാകിസ്ഥാനെ നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്. അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാല്‍, ശരി, അല്ലെങ്കില്‍, അവര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍ വ്യോമസേന പാലിച്ച കൃത്യതയെയും വേഗതയെയും പ്രതിരോധ മന്ത്രി പ്രശംസിച്ചു. ഈ ഓപ്പറേഷന്‍ ഇന്ത്യയുടെ സൈനിക ശക്തി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരായ പ്രചാരണത്തിന് വ്യോമസേന ഫലപ്രദമായി നേതൃത്വം നല്‍കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'പാകിസ്ഥാന്റെ മണ്ണില്‍ സ്ഥിതി ചെയ്തിരുന്ന ഒമ്പത് ഭീകര ക്യാമ്പുകള്‍ നിങ്ങള്‍ എങ്ങനെ നശിപ്പിച്ചുവെന്ന് ലോകം മുഴുവന്‍ കണ്ടതാണ്.
പിന്നീട് സ്വീകരിച്ച നടപടികളില്‍ അവരുടെ നിരവധി വ്യോമതാവളങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂരില്‍, ഇന്ത്യന്‍ വ്യോമസേന അവരുടെ ശക്തി പ്രകടിപ്പിക്കുക മാത്രമല്ല, ഇപ്പോള്‍ ഇന്ത്യയുടെ യുദ്ധനയവും സാങ്കേതികവിദ്യയും മാറിയിട്ടുണ്ടെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുകയും ചെയ്തു,' രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications