യുപിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണമില്ല.... അമേത്തിയില്‍ റോഡ് ഷോ മാത്രം!!
ദില്ലി: രാഹുല്‍ ഗാന്ധി വന്‍ ലക്ഷ്യങ്ങള്‍ ഓരോ ജനറല്‍ സെക്രട്ടറിമാര്‍ക്കും നല്‍കിയിരിക്കുകയാണ്. ഇതില്‍ ഉത്തര്‍പ്രദേശിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. അതേസമയം തന്നെ അദ്ദേഹം യുപിയില്‍ പ്രചാരണത്തിന് ഉണ്ടാവില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്ന കാര്യം സസ്‌പെന്‍സായി നിര്‍ത്തുകയാണ് അദ്ദേഹം. പ്രിയങ്കയെ മുന്നില്‍ കണ്ടുള്ള നീക്കമാണ് ഇത്.
യുപിയിലെ അമേത്തിയില്‍ രാഹുല്‍ മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ യുപിയില്‍ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്ന കാര്യം കോണ്‍ഗ്രസിനെ അമ്പരിപ്പിക്കുന്നതാണ്. പക്ഷേ ഇതിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് രാഹുല്‍ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. റോഡ് ടു ലോക്‌സഭ എന്ന തന്ത്രമാണ് രാഹുല്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഒരുക്കിയ പ്രധാന പ്രചാരണമാണ്.

പ്രചാരണത്തില്‍ രാഹുലില്ല
യുപിയില്‍ പ്രചാരണത്തിന് രാഹുല്‍ ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിക്കാണ് ചുമതല. ഇത്തവണ യുപിയില്‍ ഗെയിം ചേഞ്ചറാകുമെന്ന് പ്രവചിക്കപ്പെടുന്ന പ്രിയങ്കയുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് അളക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. ഇതിലൂടെ രണ്ട് നേതാക്കള്‍ എന്ന ആശയക്കുഴപ്പം ജനങ്ങളില്‍ ഇല്ലാതാക്കും. പ്രിയങ്കയെ യുപിയില്‍ സുപരിചിതയാക്കുക എന്നതാണ് ഈ തന്ത്രം. എസ്പി ബിഎസ്പി സഖ്യത്തെയും ബിജെപിയെയും ഫോക്കസ് ചെയ്ത് മുന്നേറാനാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

300 റാലികള്‍
300 റാലികളും ജനങ്ങളുമായി സംവദിക്കാനുള്ള നിരവധി പദ്ധതികളും രാഹുലിനായി രാജ്യത്തുടനീളം കോണ്‍ഗ്രസ് ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഒന്ന് പോലും രാഹുല്‍ യുപിയില്‍ നടത്തില്ല. അതേസമയം പ്രിയങ്ക ഗാന്ധി മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തില്ലെന്നും ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ശക്തി ആപ്പില്‍ നിന്ന് നിര്‍ദേശിച്ച കാര്യങ്ങള്‍, പ്രിയങ്ക ഗാന്ധി യുപിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രിയങ്ക സജീവമായി പ്രചാരണം ആരംഭിച്ചത്.

അമേത്തിയില്‍ ഇളവ്
രാഹുലിന്റെ മണ്ഡലമായ അമേത്തിയില്‍ ചില ഇളവ് രാഹുല്‍ നല്‍കും. പ്രധാനമായും റാലിയും റോഡ്‌ഷോയും രാഹുല്‍ അമേത്തിയില്‍ നടത്തുന്നുണ്ട്. സ്മൃതി ഇറാനി ശക്തമായ സാന്നിധ്യമറിയിച്ച മണ്ഡലത്തില്‍ തല്‍ക്കാലം പ്രചാരണം കുറയ്‌ക്കേണ്ടെന്നാണ് നിര്‍ദേശം. ഇവിടെ രാഹുലിനായി പ്രിയങ്കയുടെ ശക്തമായ റാലികളും ഉണ്ടാകും. സ്മൃതി ഇറാനിയും പ്രിയങ്കയും തമ്മിലുള്ള പോരാട്ടമാക്കി അമേത്തിയിലെ പോരാട്ടം മാറ്റാനാണ് യുപി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

എന്തുകൊണ്ട് തീരുമാനം
യുപിയില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് പ്രതിപക്ഷ മഹാസഖ്യം നല്‍കിയിട്ടുണ്ട്. അമേത്തിയും റായ്ബറേലിയും കോണ്‍ഗ്രസിന്റെ സ്ഥിരം കോട്ടകളാണ്. പക്ഷേ യുപിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ അത് ഗുണം ചെയ്യില്ലെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. പ്രിയങ്കയാവുമ്പോള്‍ മോദിക്ക് ഉന്നയിക്കാന്‍ ആരോപണങ്ങള്‍ ഒന്നുമില്ലാതാവും. റോബര്‍ട്ട് വദ്രയുടെ ആരോപണങ്ങളൊക്കെ ദുര്‍ബലമായിരിക്കുകയാണ്. മോദിക്കെതിരെയുള്ള തുറന്ന പോരാട്ടങ്ങളില്‍ പ്രിയങ്കയ്ക്ക് എപ്പോഴും മേല്‍ക്കൈ ഉണ്ടാവാറുണ്ട്. ഇതാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

10 മേഖലകള്‍
10 മേഖലകള്‍ കേന്ദ്രീകരിച്ചാണ് രാഹുല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ തലവര മാറ്റിയെഴുതുമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗുജറാത്ത്, അസം, ജാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ എന്നിവയാണ് രാഹുല്‍ പ്രചാരണങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ബിജെപിയാണ് കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി. ബിജെപി ഭരണത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ.

രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ്
ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇതേ രീതി രാഹുല്‍ മുമ്പ് പുറത്തെടുത്തിരുന്നു. 58 റാലികളാണ് ഇവിടെ രാഹുല്‍ നടത്തിയത്. ഇതില്‍ ഭൂരിഭാഗവും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. 56 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ പ്രഹരശേഷി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വിജയശതമാനവും രാഹുലിനായിരുന്നു കൂടുതല്‍. വിജയഫോര്‍മുല വീണ്ടും ആവര്‍ത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.

യുവാക്കളുമായി സംഭാഷണം
യുവാക്കളും വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ സംവാദമാണ് രാഹുല്‍ പ്രചാരണത്തിന്റെ അടുത്ത ഘട്ടമായി കാണുന്നത്. കന്നി വോട്ടര്‍മാര്‍ രാജ്യത്ത് 1.5 കോടിയാണ് ഉള്ളത്. അപ്‌നി ബാത്ത് രാഹുല്‍ കെ സാത്ത് എന്ന രാഹുലിന്റെ പരിപാടി വന്‍ വിജയമായിരുന്നു. ദില്ലിയിലായിരുന്നു സംവാദം. ഇതിന് പിന്നാലെ മണിപ്പൂരില്‍ ഇത്തരമൊരു സെഷന്‍ രാഹുല്‍ നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 33 ശതമാനം സംവരണം എന്നിവ രാഹുല്‍ വാഗ്ദാനം ചെയ്തിരുന്നു.












Click it and Unblock the Notifications