രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചു; ഉത്തരവ് പുറത്തിറക്കി ലോക്സഭ സെക്രട്ടറിയേറ്റ്
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്. ഇതോടെ മുന്‍ എഐസിസി അധ്യക്ഷന്‍ ഇന്ന് തന്നെ ലോക്സഭയിലേക്ക് തിരികെയെത്തിയേക്കും. 'മോദി' പരാമർശത്തിലെ അപകീർത്തി കേസിലെ വിചാരണ കോടതി വിധിയെ തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു ലോക്സഭ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.
അപകീർത്തി കേസില്‍ രാഹുലിനെതിരായ വിധിക്ക് സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിച്ചതോടെ തന്നെ എംപി സ്ഥാനം തിരികെ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഇത് ഏതെങ്കിലും തരത്തില്‍ വൈകിയാല്‍ അതിനെതിരായി വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു. ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം തിരിച്ച് ലഭിച്ചതോടെ അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിലെ ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം മാറിയേക്കും.

ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചത് പ്രതിപക്ഷ പാർട്ടി നേതാക്കള്‍ മധുരം പങ്കിട്ട് ആഘോഷിച്ചു. ഇത് നീതിയുടെയും നമ്മുടെ ജനാധിപത്യത്തിന്റെയും വിജയമാണെന്ന് മുതിർന്ന കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു.
"വളരെ ആശ്വാസത്തോടെ, രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ ജനങ്ങളെയും വയനാട് മണ്ഡലത്തേയും സേവിക്കുന്നതിനായി അദ്ദേഹത്തിന് ഇനി ലോക്‌സഭയിൽ തന്റെ ചുമതലകൾ പുനരാരംഭിക്കാം. നീതിയുടെയും നമ്മുടെ ജനാധിപത്യത്തിന്റെയും വിജയം!" ശശി തരൂർ ട്വീറ്റ് ചെയ്തു.
കേസിൽ രണ്ട് വർഷത്തെ പരമാവധി ശിക്ഷയാണ് വിചാരണ കോടതി ജഡ്ജി രാഹുലിന് വിധിച്ചിരുന്നത്. ശിക്ഷ ഒരു ദിവസത്തിൽ കുറവായിരുന്നെങ്കിൽ എംപി എന്ന നിലയിൽ അയോഗ്യത വരില്ലായിരുന്നുവെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച ശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ചൂണ്ടിക്കാട്ടിയിരുന്നു. "അയോഗ്യതയുടെ അനന്തരഫലങ്ങൾ വ്യക്തിയുടെ അവകാശങ്ങളെ മാത്രമല്ല, വോട്ടർമാരെയും ബാധിക്കുന്നു," എന്നും കോടതി പ്രത്യേകം പറഞ്ഞു.
ഹര്‍ജിക്കാരന്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നല്ലതല്ലെന്ന കാര്യത്തില്‍ സംശയമില്ല. പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ അദ്ദേഹം ശ്രമിക്കണം. എന്നാല്‍ വിചാരണ കോടതിയുടെ വിധിയില്‍ കാര്യ കാരണങ്ങള്‍ വിശദമാക്കുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് രാഹുലിന്റെ ഹര്‍ജി പരിഗണിച്ചത്.
ശിക്ഷയുടെ കാലാവധി മാത്രമാണ് ഇവിടെ രാഹുലിന്റെ അയോഗ്യതയ്ക്ക് കാരണമായിരിക്കുന്നത്. മറ്റ് കാരണങ്ങളൊന്നും നിരത്താന്‍ വിചാരണ കോടതിക്ക് സാധിച്ചിട്ടില്ല.അതുകൊണ്ട് ഈ വിധി സ്‌റ്റേ ചെയ്യുകയാണ്. വിചാരണ ജഡ്ജിക്ക് രാഹുലിന് എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കിയെന്നും വ്യക്തമാക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ അയോഗ്യത സ്‌റ്റേ ചെയ്യുകയാണെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications