ജന്‍ശതാബ്ദിയില്‍ റെയില്‍വേ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം: കാഴ്ച കണ്ട് ഞെട്ടി യാത്രക്കാര്‍
മഥുര ജംങ്ഷനും ശ്രീ മഹാവീര്‍ ജിയ്ക്കും ഇടയിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം
ദില്ലി: ട്രെയിനില്‍ മിന്നല്‍ സന്ദര്‍ശനവുമായി റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. കോട്ട ജനശതാബ്ദി എക്സ്പ്രസിലാണ് മന്ത്രി നേരിട്ടെത്തി യാത്രക്കാരില്‍ നിന്ന് പ്രതികരണങ്ങള്‍ ആരാഞ്ഞത്. ട്രെയിനിന്‍റെ മുഴുവന്‍ കമ്പാര്‍ട്ടുമെന്‍റുകളിലും പരിശോധന നടത്തിയ ശേഷം മാത്രമാണ് മന്ത്രി മടങ്ങിയത്. മഥുര ജംങ്ഷനും ശ്രീ മഹാവീര്‍ ജിയ്ക്കും ഇടയിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ഞായറാഴ്ചയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.

ട്രെയിന്‍ നിസാമുദ്ദീന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരോട് സംവദിച്ച മന്ത്രി യാത്രക്കാരുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും കുറിച്ചെടുത്താണ് മടങ്ങിപ്പോയതെന്നും നോര്‍ത്തേണ്‍ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു. നിരന്തരമുണ്ടാകുന്ന ട്രെയിന്‍ പാളം തെറ്റുന്ന സംഭവങ്ങളും എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 20 ലധികം പേര്‍ മരിക്കുകയും ചെയ്ത സംഭവത്തോടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നീക്കങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചിരുന്നു.

ഗോവ- മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തേജസ് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് 24 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവവും കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണുണ്ടായത്. നേരത്തെ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടിലും ശക്തമായ വിമര്‍ശനമുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനമെന്നാണ് കരുതുന്നത്. മന്ത്രിസഭാ പുനഃസംഘടനയെത്തുടര്‍ന്നാണ് ഊര്‍ജ്ജമന്ത്രിയായിരുന്ന പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രി പദം ഏറ്റെടുക്കുന്നത്.












Click it and Unblock the Notifications