രാജസ്ഥാനിൽ തമ്മിലടിച്ച് വീണ് കോൺഗ്രസ്; ജയം ഉറപ്പിച്ച് ബിജെപി, ആഘോഷം തുടങ്ങി പ്രവർത്തകർ
ജയ്പൂർ; രാജസ്ഥാനിൽ അധികാരം തിരിച്ച് പിടിച്ച് ബി ജെ പി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ലീഡാണ് ബി ജെ പി നേടിയിരിക്കുന്നത്. 107 ഓളം സീറ്റുകളിലാണ് പാർട്ടി മുന്നേറുന്നത്. ഇതോടെ പാർട്ടി പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
1993 ൽ കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ഇത്തവണ പതിവ് തിരുത്തിക്കുറിക്കുമെന്നും അധികാരത്തുടർച്ച നേടുമെന്നുമായിരുന്നു കോൺഗ്രസിന്റെ അവകാശവാദം. കോൺഗ്രസ് പ്രതീക്ഷകളെ തുണയ്ക്കുന്നതായിരുന്നു വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിലെ ഫലങ്ങൾ. എന്നാൽ വളരെ പെട്ടെന്ന് തന്നെ ലീഡ് തിരിച്ച് പിടിക്കാൻ ബി ജെ പിക്ക് സാധിച്ചു.

അതേസമയം അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങൾ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഭരണത്തുടർച്ച നേടുമെന്ന് അവകാശപ്പെട്ട് മത്സരത്തിനിറങ്ങിയ പാർട്ടി നിലനിൽ വെറും 74 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ഗെഹ്ലോട്ട്-സച്ചിൻ പോര് കോൺഗ്രസ് നേതൃത്വത്തിന് തലവേദന തീർത്തിരുന്നു. ഇതോടെ ഹൈക്കമാന്റ് അടക്കം ഇടപെട്ട് ഇരുവരും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണ സമയത്തടക്കം ഇരു നേതാക്കളും തമ്മിലുള്ള മുറുമുറുപ്പുകൾ പ്രകടമായിരുന്നു. ഇതെല്ലാം കോൺഗ്രസിന് തിരിച്ചടിയായെന്ന് വേണം വിലയിരുത്താൻ. വരും ദിവസങ്ങളിൽ ഇത് കോൺഗ്രസിനുള്ളിൽ കൂടുതൽ പൊട്ടിത്തെറിക്ക് വഴിയൊരുക്കും.
അതിനിടെ തൻറെ മണ്ഡലമായ ടോങ്കിൽ സച്ചിൻ പൈലറ്റ് പിന്നിലാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് സിംഗാണ് ഇവിടെ മുന്നില്‍. ടോങ്കിൽ പരാജയപ്പെട്ടാൽ അത് സച്ചിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും.
അതേസമയം ബി ജെ പി സർക്കാർ രൂപീകരിച്ചാലും ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജ്യവർധൻ സിങ് റാത്തോഡിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ ദേശീയ നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം നേരിയ ഭൂരിപക്ഷത്തിൽ മാത്രമാണ് ബി ജെ പിയുടെ വിജയമെങ്കിൽ പന്ത് മുൻ മുഖ്യമന്ത്രി കൂടിയായ വസുന്ധര രാജെയുടെ കയ്യിലെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വസുന്ധരയെ മുഖ്യമന്ത്രിയാക്കാൻ ഒരു വിഭാഗം എം എൽ എമാർ ദേശീയ നേതൃത്വത്തിന് മേൽ ശത്തമായ സമ്മർദ്ദം ചെലുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications