കോണ്‍ഗ്രസ് സ്ത്രീകളുടെ വിശ്വാസം തകര്‍ത്തു, ദളിതരെ ആക്രമിച്ചു; ആരോപണവുമായി മോദി
ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിലുള്ള വിശ്വാസം സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ഭരത്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ളിടത്ത്, തീവ്രവാദം, അതിക്രമങ്ങള്‍ ഇതെല്ലാം അനിയന്ത്രിതമാണെന്നും എല്ലാവരേയും പ്രീണിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി സ്ത്രീവിരുദ്ധരായ കോണ്‍ഗ്രസിന് തക്ക ശിക്ഷ നല്‍കണം എന്നും ആവശ്യപ്പെട്ടു. ''സംസ്ഥാനത്തെ സ്ത്രീകളുടെ വിശ്വാസം കോണ്‍ഗ്രസ് തകര്‍ത്തു. മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുമോ? സ്ത്രീവിരുദ്ധതയുള്ള ഇത്തരം പാര്‍ട്ടിയെ ശിക്ഷിക്കണം...', മോദി പറഞ്ഞു.

കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സംസ്ഥാനത്തെ സ്ത്രീകളോട് വില കുറഞ്ഞ മാനസികാവസ്ഥയാണ് ഉള്ളത് എന്നും രാജസ്ഥാന്‍ പുരുഷന്മാരുടെ നാടായതിനാലാണ് ഇവിടെ ബലാത്സംഗം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ബി ജെ പി ശക്തമായ പ്രകടന പത്രിക പുറത്തിറക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെടുത്താന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'രാജസ്ഥാനെ രാജ്യത്തെ മുന്‍നിര സംസ്ഥാനമാക്കുക എന്നതാണ് ബി ജെ പിയുടെ ദൃഢനിശ്ചയം. രാജസ്ഥാനില്‍ അഴിമതിയെ തൂത്തെറിയുക. നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ബി ജെ പിയുടെ ദൃഢനിശ്ചയം,' പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ തങ്ങള്‍ പാലിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഓരോ പൗരന്റെയും ജീവന്‍ സംരക്ഷിക്കാനുള്ള കടമ തങ്ങളില്‍ നിക്ഷിപ്തമാണ് എന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, നിരാലംബരായവര്‍ എന്നിവര്‍ക്കെതിരായ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും വര്‍ധിച്ച് വരികയാണ് എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി, ഇവിടെ ഒരു ഉത്സവവും സമാധാനപരമായി കടന്നുപോകുന്നില്ലെന്നും പറഞ്ഞു. 'ഹോളിയോ, രാമനവമിയോ, ഹനുമാന്‍ ജയന്തിയോ ആകട്ടെ, ജനങ്ങള്‍ക്ക് ഇവിടെ ഒരു ഉത്സവവും സമാധാനപരമായി ആഘോഷിക്കാന്‍ കഴിയില്ല. കലാപവും കല്ലേറും കര്‍ഫ്യൂവുമെല്ലാം രാജസ്ഥാനില്‍ തുടര്‍ന്നു,' പ്രധാനമന്ത്രി മോദി ആരോപിച്ചു.
നവംബര്‍ 25നാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. വെള്ളിയാഴ്ച മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് അവസാനിച്ചു. മിസോറാം തിരഞ്ഞെടുപ്പ് നവംബര്‍ 7 ന് നടന്നു. തെലങ്കാനയില്‍ നവംബര്‍ 30 ന് വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണല്‍ ഡിസംബര്‍ 3 നാണ്.












Click it and Unblock the Notifications