രാജസ്ഥാൻ കോൺഗ്രസിൽ നിന്ന് ബിജെപി പിടിക്കും? ടൈംസ് നൗ-നവ്ഭാരത് ഇടിജി സർവ്വേ ഫലം
ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ആശങ്കയിലാക്കി സര്‍വ്വേ ഫലം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കീഴില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുകയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്. എന്നാല്‍ നേതൃതലത്തിലെ ഐക്യമില്ലായ്മ പാര്‍ട്ടിക്ക് തലവേദനയായി തുടരുന്നു.
അതിനിടെ പുറത്ത് വന്നിരിക്കുന്ന ടൈംസ് നൗ-നവ്ഭാരത് ഇടിജി അഭിപ്രായ സര്‍വ്വേ സംസ്ഥാനത്ത് ബിജെപിക്ക് നേരിയ മുന്നേറ്റം പ്രവചിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുക. ഇരുപാര്‍ട്ടികളും 42 ശതമാനത്തിന് മുകളില്‍ വോട്ട് സ്വന്തമാക്കാനുളള സാധ്യതയും സര്‍വ്വേ പ്രവചിക്കുന്നു.

എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ നേരിയ മുന്‍തൂക്കം ബിജെപിക്ക് ലഭിക്കുമെന്നാണ് ടൈംസ് നൗ സര്‍വ്വേ പറയുന്നത്. ബിജെപിക്ക് 95 മുതല്‍ 105 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. അതേസമയം കോണ്‍ഗ്രസിന് 91 മുതല്‍ 101 സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യത. വോട്ട് ശതമാനത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുളള വ്യത്യാസം 0.60 മാത്രമാണ്. മറ്റ് പാര്‍ട്ടികള്‍ക്ക് 15 ശതമാനം വോട്ട് വിഹിതവും 3 മുതല്‍ 6 വരെ സീറ്റും ലഭിക്കുമെന്നും സര്‍വ്വേ പറയാം.
മേഖല തിരിച്ചുളള വിജയ സാധ്യതകളും സര്‍വ്വേ പ്രവചിച്ചിട്ടുണ്ട്. ധുബ്ധര്‍ മേഖലയില്‍ 27 മുതല്‍ 29 സീറ്റുകള്‍ വരെ ബിജെപി നേടിയേക്കും. അതേസമയം കോണ്‍ഗ്രസിന് 28 മുതല്‍ 30 സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യത. മാര്‍വാരില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസിന് 30 മുതല്‍ 32 സീറ്റ് വരെയും ബിജെപിക്ക് 27 മുതല്‍ 29 സീറ്റുകള്‍ വരെയും ലഭിച്ചേക്കാം.
ഹദോഠി മേഖലയില്‍ ബിജെപി 8 മുതല്‍ 10 വരെയും കോണ്‍ഗ്രസ് 7 മുതല്‍ 9 വരെയും സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്. ശിഖാവത്തി മേഖലയില്‍ ബിജെപിക്ക് 10 മുതല്‍ 12 വരെ സീറ്റുകളില്‍ വിജയം പ്രതീക്ഷിക്കുന്നു. അതേസമയം കോണ്‍ഗ്രസിന് 9 മുതല്‍ 11 വരെ സീറ്റുകളാണ് ടൈംസ് നൗ സര്‍വ്വേ പ്രവചിക്കുന്നത്.












Click it and Unblock the Notifications