രാജസ്ഥാനില്‍ 5 സീറ്റില്‍ വിജയം ലക്ഷ്യം വെച്ച് സിപിഎം: 17 സ്ഥാനാർത്ഥികള്‍, കോണ്‍ഗ്രസിന് തിരിച്ചടിയോ?
ജയ്പൂർ: 2023ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി, കോൺഗ്രസ്, ബി എസ് പി എന്നിവർക്ക് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി എമ്മും. പാർട്ടിക്ക് സ്വാധീനമുള്ള 17 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് സി പി എം ഇന്ന് പുറത്തിറക്കിയത്. തിങ്കളാഴ്ച തലസ്ഥാനമായ ജയ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി അമ്ര റാം സി പി എം സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചത്.
പാർട്ടി സംസ്ഥാന സെക്രട്ടറിയായ അമ്രാ റാം സിക്കാർ ജില്ലയിലെ ദന്തറാംഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിക്കും. നേരത്തെ ഈ നിയമസഭാ മണ്ഡലത്തിൽ നിന്ന് എം എൽ എയായിരുന്ന വ്യക്തിയാണ് അമ്രാ റാം. നേരത്തെ സിക്കാർ ജില്ലയിലെ തന്നെ ധോഡ് അസംബ്ലി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ പാർട്ടി സംസ്ഥാന സെക്രട്ടി എം എൽ എയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദന്തറാംഗഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയോടായിരുന്നും അമ്രാ റാം പരാജയപ്പെട്ടത്.

ധോഡിൽ നിന്ന് മുൻ എംഎൽഎ പേമാരം, ലക്ഷ്മൺഗഡിൽ വിജേന്ദർ ധാക്ക, സിക്കാറിൽ ഉസ്മാൻ ഖാൻ, ഹനുമാൻഗഢിൽ നിന്ന് രഘുവീർ വർമ, ഭദ്രയിൽ നിന്ന് നിലവിലെ എംഎൽഎ ബൽവാൻ പുനിയ, നോഹറിൽ മംഗേജ് ചൗധരി, റൈസിംഗ് നഗറിൽ നിന്ന് ഷിയോപത്രം മേഘ്‌വാൾ, ദുംഗർപൂരിൽ അൻപസിങ് ധില്ലൺ എന്നിവരും സി പി എം സ്ഥാനാർത്ഥികളായി മത്സരിക്കും.
താരാനഗറിൽ നിന്ന് നിർമൽ പ്രജാപത്, സർദാർഷഹറിൽ നിന്ന് ഛഗൻലാൽ ചൗധരി, സദുൽപൂരിൽ നിന്ന് സുനിൽ പൂനിയ, ഝദോലിൽ നിന്ന് പ്രേം പർഗി, ലാൻഡ്നൂനിൽ നിന്ന് ഭഗീരഥ് യാദവ്, നവനിൽ നിന്ന് കണറാം ബിജറനിയൻ, ദുൻഗർഗഡിൽ നിന്ന് ഗിർധാരിലാൽ മഹിയ എന്നിവർക്കും ടിക്കറ്റ് ലഭിച്ചു. കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് സംസ്ഥാനതലത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി അമ്രാ റാം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28 സ്ഥാനാർത്ഥികളെയാണ് സിപിഎം മത്സരിപ്പിച്ചിരുന്നത്. ഇവരിൽ രണ്ട് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനും സാധിച്ചിരുന്നു. അധികാരത്തിലുള്ള അശോക് ഗെലോട്ട് സർക്കാറിനെ ഇവർ പുറത്ത് നിന്ന് പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത്തവണ 17 സീറ്റുകളിൽ മാത്രമാണ് പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുന്നതെങ്കിലും അഞ്ചിലേറെ സീറ്റുകളില്‍ വിജയം പ്രതീക്ഷിക്കുന്നുണ്ട്.
സികാർ ഉള്‍പ്പെടേയുള്ള ജില്ലകളിലെ കർഷകർക്കിടയില്‍ സി പി എമ്മിന് വലിയ സ്വാധീനമുണ്ട്. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസുമായിട്ടാണ് സി പി എമ്മിന്റെ മത്സരവും. അതുകൊണ്ട് തന്നെയാണ് ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും രാജസ്ഥാനില്‍ സഖ്യ ചർച്ചകള്‍ ഇല്ലാതെ പോയത്.
അതേസമയം, രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ബിജെപിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 25നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെണ്ണലും നടക്കും.












Click it and Unblock the Notifications