രജനികാന്തിന്റെ പാര്‍ട്ടി യാഥാര്‍ഥ്യമാകുന്നു; പ്രഖ്യാപനം ജനുവരിയില്‍; തമിഴ്‌നാട് തിരഞ്ഞെടുപ്പ് ദൗത്യം
ചെന്നൈ: പ്രശസ്ത സിനിമാ നടന്‍ രജനികാന്തിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്നു. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കും. ജനുവരിയിലായിരിക്കും പ്രഖ്യാപനം. മെയ് മാസത്തില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കും. രാഷ്ട്രീയ ഉപദേശകനുമായി രജനികാന്ത് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് തീരുമാനിച്ചത്. കഴിഞ്ഞദിവസം ഫാന്‍സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിമാരുമായി രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ എന്നാണ് അന്ന് സൂചന വന്നത്. ഇപ്പോള്‍ പ്രഖ്യാപന തിയ്യതി തീരുമാനിച്ചിരിക്കുകയാണ്.

കഴിഞ്ഞ തിങ്കഴാഴ്ച കോടമ്പാക്കത്ത് തന്റെ ഫാന്‍സ് അസോസിയേഷനായ രജിനി മക്കള്‍ മന്‍ട്ര (ആര്‍എംഎം) ത്തിന്റെ യോഗം വിളിച്ചിരിരുന്നു താരം. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് 2017ല്‍ സൂചിപ്പിച്ച രജനികാന്ത് പിന്നീട് പലപ്പോഴായി പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന സൂചനകള്‍ വന്നിരുന്നെങ്കിലും നീളുകയായിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രജികാന്തിന്റെ പുതിയ നീക്കം. അദ്ദേഹം അടുത്തിടെ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.
പാര്‍ട്ടി പ്രഖ്യാപനം ഉടനെയില്ല, കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപനം നീട്ടുന്നു എന്ന് കാണിച്ച് ഒരു കത്ത് കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കത്തിലെ അല്‍പ്പം കാര്യങ്ങള്‍ ശരിയാണ് എന്ന് പിന്നീട് രജിനികാന്ത് സ്ഥിരീകരിച്ചു. കത്ത് ഔദ്യോഗികമല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫാന്‍സ് ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത ശേഷം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പരസ്യപ്പെടുത്തുമെന്നാണ് രജനികാന്ത് പറഞ്ഞിരുന്നത്. അതിനിടെ ചെന്നൈയിലെത്തിയ അമിത് ഷാ ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം കാരണം രജനി ഒഴിഞ്ഞുമാറുകയാണുണ്ടായത്.
പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും രജനികാന്ത് 2017ല്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് താനുണ്ടാകില്ല എന്നാണ് അടുത്തിടെ അദ്ദേഹം സൂചിപ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ നയിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുമെന്നാണ് രജനികാന്ത് പറഞ്ഞത്.












Click it and Unblock the Notifications