യോഗിയുടെ കാല്‍തൊട്ട്, അഖിലേഷിനെ ആലിംഗനം ചെയ്ത്... നടന്‍ രജനികാന്ത് അയോധ്യ ക്ഷേത്രത്തില്‍
ന്യൂഡല്‍ഹി: നടന്‍ രജനികാന്ത് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം അയോധ്യയിലെത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെയും കണ്ട രജനിയുടെ ഓരോ നീക്കങ്ങള്‍ക്കും വാര്‍ത്താ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖ നടന്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തുന്നത് ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ പല രാഷ്ട്രീയ നേതാക്കളും ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. അതിനിടെയാണ് രജനികാന്തിന്റെ സന്ദര്‍ശനം. യോഗി ആദിത്യനാഥ് ശനിയാഴ്ച ക്ഷേത്രത്തിലെത്തി നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നു.

അയോധ്യയിലെത്തിയ വേളയില്‍ രജനികാന്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടി. എപ്പോഴും വരാന്‍ കൊതിച്ച സ്ഥലമാണിത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഹനുമാര്‍ഗാര്‍ഹി ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷമാണ് രജനികാന്ത് മാധ്യമങ്ങളെ കണ്ടത്. അതേസമയം, രജനി മുഖ്യമന്ത്രി യോഗിയുടെ കാല്‍തൊട്ട് വന്ദിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.
ജാര്‍ഖണ്ഡിലെ പ്രസിദ്ധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് രജനികാന്ത് ഉത്തര്‍ പ്രദേശിലെത്തിയത്. ലഖ്‌നൗവിലെ വസതിയിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹം കണ്ടു. ഈ വേളയിലാണ് യോഗിയുടെ കാല്‍തൊട്ട് വന്ദിച്ചത്. യോഗിയുടെ കാലില്‍ തൊടുന്ന രജനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെതിരെ തമിഴ്‌നാട്ടില്‍ നിന്ന് വലിയ പ്രതിഷേധം ഉയരുകയും ചെയ്തു.

രജനികാന്ത് ഇന്ന് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി. അഖിലേഷ് യാദവ് ട്വിറ്ററില്‍ രജനിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു. ഇരുവരും ആലിംഗനം ചെയ്യുന്ന ചിത്രമാണ് അഖിലേഷ് പങ്കുവച്ചത്. ഒമ്പതു വര്‍ഷമായി തുടരുന്ന സൗഹൃദം പുതുക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും അഖിലേഷ് യാദവ് പ്രകടിപ്പിച്ചു.
പുതിയ സിനിമ ജയിലര്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരവെയാണ് രജനികാന്തിന്റെ ഉത്തരേന്ത്യന്‍ സന്ദര്‍ശനം എന്നത് എടുത്തുപറയേണ്ടതാണ്. സിനിമ റിലീസ് ചെയ്യുന്നതിന് തലേദിവസം അദ്ദേഹം ഹിമാലയത്തിലായിരുന്നു. ശേഷമാണ് ജാര്‍ഖണ്ഡിലും യുപിയിലുമെത്തുന്നത്. യുപിയില്‍ വച്ചാണ് ജയിലര്‍ സിനിമ കണ്ടത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രജനിക്കൊപ്പം സിനിമ കണ്ടു.
ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായത്തെ പറ്റി ചോദിച്ചപ്പോള്‍ എല്ലാം ദൈവാനുഗ്രഹമാണ് എന്നായിരുന്നു രജനിയുടെ പ്രതികരണം. 500 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സിനിമ. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാല്‍, വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച വിനായകന്‍ എന്നിവരെല്ലാം കൈയ്യടി നേടിയിട്ടുണ്ട്.












Click it and Unblock the Notifications