ബലാത്സംഗ കേസിന്റെ പേരില്‍ പണം തട്ടല്‍; 2 സ്ത്രീകളടക്കം 4 പേര്‍ അറസ്റ്റില്‍
ജയ്പുര്‍: ബലാത്സംഗ പരാതി നല്‍കുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുരിനടുത്തുള്ള ജോത്‌വാര പോലീസ് ആണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
സികാര്‍ സ്വദേശിയായ സുനിത ജാട് അലിയാസ് ഗുലാബി, ഉദയ്പുര്‍ സ്വദേശിയായ ദിലീപ് അലിയാസ് മുകേഷ്, മകുന്ദ്ഗഡ് സ്വദേശികളായ സുമന്‍, രാകേഷ് ശര്‍മ എന്നിവരാണ് പോലീസിന്റെ പിടിയിലായവര്‍. ചോമുവിലുള്ള ഒരു ഗാര്‍മന്റ് ഷോപ്പ് ഉടമയായ അശോക് ഗോയലിന്റെ പരാതി പ്രകാരമാണ് പോലീസ് ഇവരെ പിടികൂടിയത്.

ഡിസംബര്‍ മുതല്‍ ചോമുവിലെ ഗാര്‍മന്റിസില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു ഇവര്‍. ഓരോ തവണവും വസ്ത്രങ്ങള്‍ വാങ്ങിയശേഷം പണം പിന്നീട് നല്‍കാമെന്ന് അറിയിച്ച് പോവുകയായിരുന്നു പതിവ്. ജനുവരി നാലിന് സുമന്‍ ഷോപ്പുടമയെ വിളിച്ച് അവരുടെ താമസസ്ഥലത്ത് എത്തിയാല്‍ പണം നല്‍കാമെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് പണം വാങ്ങാനെത്തിയ അശോക് ഗോയലിനെ തടവിലിട്ട് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗ പരാതി നല്‍കുമെന്നായിരുന്നു ഭീഷണി. 10 ലക്ഷമായിരുന്നു സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീടത് 2 ലക്ഷത്തില്‍ ഒതുക്കി. നിശ്ചിത സ്ഥലത്ത് പണവുമായി എത്താന്‍ ഗോയലിന്റെ ബന്ധുവിനോട് അറിയിക്കുകയും ചെയ്തു. പണവുമായെത്തിയ ബന്ധുക്കള്‍ ബഹളമുണ്ടാക്കിയതോടെ സംഘം ഓടി രക്ഷപ്പെട്ടെങ്കിലും മൂന്നുപേരെ അന്നേ ദിവസം തന്നെ പോലീസ് പിടികൂടി. സംഘത്തിലെ മറ്റൊരാളെ പിറ്റേദിവസവും അറസ്റ്റ് ചെയ്തു. സംഘം നേരത്തെ ഒരു പട്ടാള ഉദ്യോഗസ്ഥനെതിരെയും മറ്റൊരാള്‍ക്കെതിരെയും ബലാത്സംഗ പരാതി നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications