
ഹരിയാനയില്‍ ബിജെപി എംഎല്‍എമാരും റിസോര്‍ട്ടിലേക്ക്; രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാടകീയത
ന്യൂഡല്‍ഹി: ഇത്തവണ രാജ്യസഭാ തിരഞ്ഞെടുപ്പ് വലിയ നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് എങ്കിലും 41 സീറ്റുകളില്‍ എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുത്തുകഴിഞ്ഞു. ബാക്കി 16 സീറ്റുകളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും. സംസ്ഥാന നിയമസഭകളില്‍ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുകയാണ് പാര്‍ട്ടികള്‍.
മഹാരാഷ്ട്രയിലും രാജസ്ഥാനിലും തുടങ്ങിയ റിസോര്‍ട്ട് രാഷ്ട്രീയം ഇപ്പോള്‍ ഹരിയാനയിലും നടക്കുകയാണ്. ഇവിടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് റിസോര്‍ട്ടിലേക്ക് മാറി. ഇന്ന് ബിജെപി എംഎല്‍എമാരോടും റിസോര്‍ട്ടിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തലസ്ഥാനമായ ഛണ്ഡീഗഡിലെ റിസോര്‍ട്ടിലേക്കാണ് എല്ലാ എംഎല്‍എമാരോടും എത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒപി ധങ്കര്‍ പറഞ്ഞു.
ബിജെപി നേതൃത്വം തങ്ങളുടെ എംഎല്‍എമാരെ ചാക്കിടാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ നേരത്തെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഛണ്ഡീഗഡിലെ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരുള്ളത്. ഇവര്‍ വോട്ടെടുപ്പ് ദിനമായ നാളെ രാവിലെ നേരിട്ട് നിയമസഭയിലെത്തും. അതുകൊണ്ടുതന്നെ ക്രോസ് വോട്ടിങ് നടക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. എന്നാല്‍ ബിജെപി നേതൃത്വം എംഎല്‍എമാരോട് ഇന്ന് വൈകീട്ട് ഛണ്ഡിഗഡിലെ റിസോര്‍ട്ടിലെത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് കോണ്‍ഗ്രസിനെ ഭയന്നിട്ടല്ലെന്ന് ബിജെപി നേതൃത്വം സൂചിപ്പിക്കുന്നു.
ഒട്ടേറെ പുതിയ എംഎല്‍എമാരുണ്ടെന്നും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത് എന്ന് കാണിച്ചുകൊടുക്കാനും നടപടി ക്രമങ്ങള്‍ വിശദീകരിച്ചു നല്‍കാനുമാണ് റിസോര്‍ട്ടിലേക്ക് വിളിപ്പിക്കുന്നതെന്ന് ഒപി ധങ്കര്‍ പറഞ്ഞു. മന്ത്രി ജെപി ദലാലും ഇതേ കാര്യമാണ് പറയുന്നത്. ഹരിയാനയില്‍ ബിജെപിയും പ്രാദേശിക കക്ഷിയായ ജെജെപിയും സംയുക്തമായിട്ടാണ് ഭരണം നടത്തുന്നത്. ന്യൂ ഛണ്ഡിഗഡിലെ ഒബ്രോയ് സുഖ്‌വിലാസ് സ്പാ റിസോര്‍ട്ടിലേക്കാണ് ബിജെപി-ജെജെപി എംഎല്‍എമാര്‍ എത്തുക. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുമ്പ് ഭാഗമായിട്ടില്ലാത്ത ഒട്ടേറെ എംഎല്‍എമാര്‍ ഭരണകക്ഷിയിലുണ്ടെന്നും ജെപി ദലാല്‍ പറഞ്ഞു.
പിണറായി വിജയാ കാണിച്ചുതരാം; ഭീഷണിയുമായി പിസി ജോര്‍ജ്, 'പോലീസ് എന്റെ കാലില്‍ വീണു'
കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ കഴിയുന്നതിനെ മന്ത്രി ജെപി ദലാല്‍ പരിഹസിച്ചു. ഒരു രാജ്യസഭാ സീറ്റില്‍ ജയിക്കണമെങ്കില്‍ 40 വോട്ടുകളാണ് വേണ്ടത്. ബിജെപിക്ക് 40 അംഗങ്ങളുണ്ട്. സഖ്യകക്ഷിക്ക് 10 അംഗങ്ങളും. കോണ്‍ഗ്രസിന് 31 അംഗങ്ങളേയുള്ളൂ. പിന്നെ എന്തിനാണ് അവര്‍ റിസോര്‍ട്ടില്‍ പോയതെന്ന് വ്യക്തമല്ല. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. അതുകൊണ്ടാണ് അവര്‍ ഭയക്കുന്നത്. ഞങ്ങളുടെ അംഗങ്ങള്‍ സ്വതന്ത്രമായി പുറത്തുണ്ട്. ഇന്ന് വൈകീട്ട് റിസോര്‍ട്ടിലെത്തുന്ന അവര്‍ നാളെ റിസോര്‍ട്ട് വിടുമെന്നും ജെപി ദലാല്‍ പറഞ്ഞു.
ഹരിയാനയില്‍ രണ്ട് രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. മൂന്ന് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുണ്ട് കൃഷണ്‍ പന്‍വാറിനെ ബിജെപി മല്‍സരിപ്പിക്കുന്നു. സ്വതന്ത്രന്‍ കാര്‍ത്തികേയ ശര്‍മയ്ക്ക് ബിജെപി പിന്തുണയും പ്രഖ്യാപിച്ചു. ജെജെപിയും ശര്‍മയെ പിന്തുണയ്ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി അജയ് മാക്കനാണ്. അജയ് മാക്കന്‍ ജയിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.