രാമനവമി ഘോഷയാത്ര: ബംഗാളില്‍ വീണ്ടും സംഘര്‍ഷം, കൂടുതല്‍ സേനയെ വിന്യസിച്ച് സര്‍ക്കാര്‍
ഹൂഗ്ലി: രാമനവമി ഘോഷയാത്രയെ തുടര്‍ന്ന് ബംഗാളില്‍ വീണ്ടും സംഘര്‍ഷം. ഹൂഗ്ലിയില്‍ ബി ജെ പി സംഘടിപ്പിച്ച പരപാടിക്കിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വ്യാപകമായ ആക്രമണമാണ് അരങ്ങേറിയത്. കല്ലേറിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ റോഡില്‍ തീയിടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷ് പങ്കെടുത്ത ഘോഷ യാത്രയ്ക്കിടെയാണ് അക്രമം.
ഘോഷ യാത്രയ്ക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായതോടെ സംഘര്‍ഷം ആരംഭിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്കെ നേരെ കല്ലേറ് ആക്രമണം ഉണ്ടായെന്ന് ബി ജെ പി ആരോപിച്ചിരുന്നു. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഹൗറയില്‍ രാമനവമി സംഘര്‍ഷം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൂഗ്ലിയില്‍ അക്രമം നടന്നത്. രാമനവമി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഹൗറയിലെ കാസിപ്പാറയില്‍ രാമനവമി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ബി ജെ പിയെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇത് നിഷേധിച്ച ബി ജെ പി, സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം ആവഷ്യപ്പെട്ട് പ്രതിപക്ഷ നേതാവും ബി ജെ പി നേതാവുമായ സുവേന്ദു അധികാരി വെള്ളിയാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതിയിലെ ആക്ടിംഗ് ജസ്റ്റിസ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കുകയും തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമെന്നും അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസുമായി സംസാരിക്കുകയും അക്രമം പൊട്ടിപ്പുറപ്പെട്ട ഹൗറയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം ബീഹാറിലും സമാനമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സസാരാമില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. രാമനവമി ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര മന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. ഇവരുടെ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയതോടെ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതെന്ന് അമിത് ഷാ ആരോപിച്ചിരുന്നു.
ബിഹാര്‍ ഷെരീഫില്‍ സമാനമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാമനവമി ആഘോഷങ്ങള്‍ക്കിടെ പൊട്ടിപ്പുറപ്പെട്ട സസാരാമിലും ഷെരീഫിലും ഉണ്ടായ വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് 45 പേരെ സംസ്ഥാന പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.












Click it and Unblock the Notifications