അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ; 51 ഇഞ്ച് ഉയരം, കരിങ്കല്ലിൽ കൊത്തിയ രൂപം, വിഗ്രഹത്തിന്റെ ആദ്യ ചിത്രം കാണാം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനം അടുത്ത തിങ്കളാഴ്‌ച നടക്കാനിരിക്കെ കഴിഞ്ഞ ദിവസം സ്ഥാപിച്ച പുതിയ ശ്രീരാമ വിഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. വിഗ്രഹത്തിന്റെ ആദ്യ ഫോട്ടോ ഇന്ന് രാവിലെ കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കിട്ടത്. ഇതിൽ ദേവനെ അഞ്ച് വയസുള്ള കുട്ടിയായി നിൽക്കുന്ന ഭാവത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
മൈസൂരു ആസ്ഥാനമായുള്ള ആർട്ടിസ്‌റ്റ് അരുൺ യോഗിരാജ് നിർമ്മിച്ച 51 ഇഞ്ച് വിഗ്രഹം കരിങ്കല്ലിലാണ് ഒരുക്കിയിരിക്കുന്നത്. മന്ത്രോച്ചാരണങ്ങൾക്കിടയിലാണ് രാമലല്ല വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്‌ഠിച്ചത്. ജനുവരി 12 മുതലാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിച്ചത്. ജനുവരി 22ന് പ്രധാനമന്ത്രി മോദി പ്രാണ പ്രതിഷ്‌ഠയുടെ പൂജ നിർവഹിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ലക്ഷ്‌മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള പൂജാരിമാരുടെ സംഘം പ്രധാന ചടങ്ങുകൾ നിർവഹിക്കും.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിന വൃതത്തിലാണ് എന്നാണ് സൂചന. പ്രധാനമന്ത്രി ഒരു പുതപ്പ് മാത്രം ധരിച്ച് തറയിൽ ഉറങ്ങുകയാണെന്നും ഇളനീർ മാത്രമാണ് കുടിക്കുന്നതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജനുവരി 22ന് അയോധ്യ സന്ദർശിക്കരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു, "ഭഗവാൻ രാമന് ഒരു പ്രശ്‌നവും ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല". ജനുവരി 23 മുതൽ എല്ലാവർക്കും വരാമെന്നും കൂട്ടിച്ചേർത്തു. ജനുവരി 22ന് എല്ലാ ഇന്ത്യക്കാരും അവരുടെ വീട്ടിൽ ദീപം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്ര ട്രസ്‌റ്റ് പ്രത്യേകം ക്ഷണിച്ച രാജ്യത്തിനകത്തും പുറത്തുമുള്ള 11,000 ത്തിലധികം അതിഥികൾ ഈ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും. ഉദ്‌ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കും. ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ ആത്മീയ നേതാവ് ദലൈലാമ, കേരളത്തിൽ നിന്നുള്ള മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, തമിഴ് സൂപ്പർതാരം രജനികാന്ത്, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് മുഖ്യാതിഥി.












Click it and Unblock the Notifications