പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു; എംപിമാരെ പോലീസ് മര്‍ദ്ദിച്ച നടപടി കിരാതമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെ പാര്‍ലമെന്റിനു മുന്നില്‍ സമരം നടത്തിയ വനിതകളടക്കമുള്ള എം പിമാരെ പോലീസ് മര്‍ദ്ദിച്ച സംഭവം കിരാത നടപടിയെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തിലെ എതിര്‍ശബ്ദങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ട .എം പിമാര്‍ എന്ന പരിഗണനപോലും നല്‍കാതെയാണു പോലീസിന്റെ ഈ കിരാത നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെങ്ങും പോലീസിനെയും സ്വന്തം അണികളെയും ഉപയോഗിച്ച് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഒരു തുടര്‍ക്കഥയാണു ഇന്നു എം പിമാര്‍ക്കെതിരെ നടന്നത്. ഇതേ സമീപനം തന്നെയാണു കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

എംപിമാര്‍ക്കെതിരെ ദില്ലി പൊലീസിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന അനേകായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നേടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോള്‍ മോദിയുടെയും അമിത്ഷായുടെയും പോലീസ്, സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്ത കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളെ പാര്‍ലമെന്റിനു മുന്നില്‍ തല്ലിച്ചതക്കുന്ന കാഴ്ചകളാണ് കാണുന്നതെന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ വിമര്‍ശിക്കുമ്പോള്‍, അതിനെതിരെ പ്രതിഷേധിക്കുമ്പോള്‍ കേന്ദ്രം നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസിന് ഇഷ്ടക്കേടുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കോമണ്‍സെന്‍സ് മതിയാവും. പിണറായിയുടെ പോലീസും അമിത്ഷായുടെ പോലീസും ഒരുമിച്ചുവന്നാലും കേരളത്തെ ഇല്ലാതാക്കുന്ന കെ റെയില്‍ നടപ്പിലാക്കാന്‍ സമ്മതിക്കില്ല. ഇതിപ്പോള്‍ കേരളത്തിലെ ജനം നേരിടുന്നത് പിണറായിയുടെ ദാര്‍ഷ്ട്യത്തെ മാത്രമല്ല മോദിയുടെ അഹങ്കാരവും കൂടി ചേര്‍ന്ന അന്തര്‍ധാരയെ കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ പ്രതികരിച്ച് ഹൈബി ഈഡനും രംഗത്തെത്തി. ജനാധിപത്യ അവകാശങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും വില കല്പിയ്ക്കാത്ത രണ്ടു സര്‍ക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിയ്ക്കുന്നതെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. എം പി മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വനിതാ എം പിക്കുമെതിരെവരെ പാര്‍ലമെന്റ് പരിസരത്ത് അക്രമം നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരാളെയും നിശ്ശബ്ദരാക്കാനാവില്ല. ഒരു നാവും ഇടറില്ല, ഇനിയുമുറക്കെത്തന്നെ ജനശബ്ദം മുഴങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications