ആര്‍സിബി താരം യാഷ് ദയാലിനെതിരെ ബലാത്സംഗ പരാതി; 'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു'
ഗാസിയാബാദ്: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ഗാസിയാബാദില്‍ നിന്നുള്ള ഒരു സ്ത്രീയുടെ പരാതിയിലാണ് കേസ്. ജൂണ്‍ 21 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരാതി പോര്‍ട്ടല്‍ വഴി യുവതി പരാതി നല്‍കിയതിന് പിന്നാലെയാണ് യാഷ് ദയാലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ദയാലുമായി അഞ്ച് വര്‍ഷമായി ബന്ധമുണ്ട് എന്നും വിവാഹ വാഗ്ദാനം നല്‍കിയ ശേഷം നിരന്തരം ലൈംഗികമായി തന്നെ ദയാല്‍ പീഡിപ്പിച്ചതായും യുവതി പറയുന്നു. ദയാലിന്റെ കുടുംബത്തിനും തന്നെ അറിയാമെന്നും യുവതി പറയുന്നു. തന്നെ മരുമകളായി അംഗീകരിക്കുമെന്ന് ദയാലിന്റെ മാതാപിതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു എന്നും യുവതി തന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ആ ഉറപ്പുകളില്‍ വിശ്വസിച്ച് താന്‍ ഇപ്പോഴും ബന്ധത്തില്‍ തുടരുകയാണെന്ന് അവര്‍ പറഞ്ഞു. തുടര്‍ച്ചയായ വൈകാരിക സമ്മര്‍ദ്ദം തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടതായി സ്ത്രീ പൊലീസിനോട് പറഞ്ഞു. ഇത് കാരണം താന്‍ വൈദ്യസഹായം തേടിയിരുന്നുവെന്നും ഒരിക്കല്‍ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. മറ്റ് സ്ത്രീകളുമായുള്ള ദയാലിന്റെ ഇടപെടല്‍ തന്റെ മാനസിക ക്ലേശം വര്‍ധിപ്പിച്ചു എന്നും യുവതി പറയുന്നു.
താന്‍ വഞ്ചിക്കപ്പെടുകയും തകരുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും യാഷ് ദയാല്‍ ഇത് സംബന്ധിച്ച പ്രതികരണമൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ദയാല്‍ പൊലീസിന് മൊഴി നല്‍കിയതായി ഗാസിയാബാദിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പാട്ടീല്‍ നിമിഷ് ദശരഥ് സ്ഥിരീകരിച്ചു.
വിവാഹ വാഗ്ദാനം നല്‍കി, വഞ്ചനയിലൂടെ ലൈംഗിക ബന്ധം പുലര്‍ത്തിയതില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 69 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നിലവില്‍ തുടരുകയാണ് എന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications