ദുബായിൽ നിന്നെത്തി,ഭിന്ദ്രന്‍വാല 2.0; പോലീസിനെ വിറപ്പിച്ച അമൃത്പാൽ സിംഗ് ആരാണ്?

ചണ്ഡീഗഡ്: ഒടുവിൽ ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃതപാൽ സിംഗിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പഞ്ചാബ് പോലീസ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേന്ദ്രസേനയും പഞ്ചാബ് പോലീസിന്റെ പ്രത്യേക ദൗത്യ സംഘവും ചേർന്ന് ഇയാളേയും കൂട്ടാളികളെയും പിടികൂടിയത്.
പഞ്ചാബ് അജ്‌നാല പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസിനെ മുട്ടുകുത്തിച്ച് തന്റെ അനുയായികളെ ഇറക്കി കൊണ്ടുവന്നത് മുതൽ അമൃത് പാലിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലായിരുന്നു പോലീസ്. തുടർന്ന് ഇന്ന് മണിക്കൂറുകൾ നീണ്ട പിന്തുടരലിനും നാടകീയ നിമിഷങ്ങളൾക്കൊടുവിലാണ് ജലന്ധറിലെ നഖോദാർ ഗ്രാമം വളഞ്ഞ് അമൃത്പാലിനെ പോലീസ് പിടികൂടിയത്.
യഥാർത്ഥത്തിൽ പോലീസിനെ മുൾമുനയിൽ നിർത്തിയ ഈ അമൃത് പാൽ സിംഗ് ആരാണ്? ഇയാൾ എങ്ങനെയാണ് ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ യുടെ തലവനായത്? അറിയാം

ദുബൈയിൽ നിന്നും വന്നു
പഞ്ചാബിലെ അമൃത്‌സറിലെ ജല്ലുപൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് 30 കാരനായ അമൃത്പാൽ സിംഗ്. 2022 ഫെബ്രുവരി വരെ ഇയാൾ ദുബൈയിൽ കഴിഞ്ഞ് വരികയായിരുന്നു. അവിടെ തന്റെ ബന്ധുവിന്റെ ട്രാൻസ്പോർട്ട് ബിസിനസിൽ സഹായിക്കുകയായിരുന്നു ഇയാളുടെ ജോലി.മുൻകാലങ്ങളിലെ ഖാലിസ്ഥാനി നേതാക്കളെപ്പോലെ അമൃതപാൽ യാഥാസ്ഥിതിക സിഖ് ജീവിതശൈലി പിന്തുടർന്നിരുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സിഖുകാരുടെ തലപ്പാവ് ഇയാൾ ഉപയോഗിച്ചിരുന്നില്ല. മുടി നീട്ടി വളർത്തിയിട്ടില്ലെന്ന് മാത്രമല്ല വെട്ടിയൊതുക്കിയ ഫാൻസി കട്ട് ഹെയർസ്റ്റൈലായിരുന്നു ഇയാൾ പിന്തുടർന്നത്. മതചിഹ്നങ്ങളും ധരിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിലും ഇയാൾ സജീവമായിരുന്നു.

ഖാലിസ്ഥാൻ രൂപീകരിക്കണമെന്ന ആവശ്യത്തെ ന്യായീകരിച്ചു
2022 ഫെബ്രുവരി 15 ന് പഞ്ചാബി നടനും അന്നത്തെ വാരിസ് പഞ്ചാബ് ദേ തലവനുമായ ദീപ് സിദ്ധു ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമൃത് പാലിന്റെ ജീവിതം മാറി മറിഞ്ഞത്. ഒരു സുപ്രഭാതത്തിൽ ഇയാൾ പഞ്ചാബിൽ എത്തുകയും വാരിസ് പഞ്ചാബ് ദേ യുടെ അടുത്ത തലവനാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.2022 സെപ്റ്റംബർ 29-ന് മോഗ ജില്ലയിലെ റോഡ് ഗ്രാമത്തിൽ നടന്ന ചടങ്ങിൽ അമൃത്പാൽ സിംഗിനെ അദ്ദേഹത്തിന്റെ അനുയായികൾ വാരിസ് പഞ്ചാബ് ദേയുടെ അടുത്ത മേധാവിയായി നിയമിച്ചു.ഖാലിസ്ഥാന്‍ ഭീകരനായ ഭിന്ദ്രന്‍വാലയെ പോലെ മാറാൻ ശ്രമിക്കുന്ന അമൃത് പാലിനെയായിരുന്നു പിന്നീട് എല്ലാവരും കണ്ടത്. ഭിന്ദ്രന്‍വാലയെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനത്തിലാണ് ഇയാൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. തുടർന്ന് യുവാക്കൾക്കിടയിൽ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും ആരംഭിച്ചു.
തന്റെ പല അഭിമുഖങ്ങളിലും അമൃതപാൽ സിംഗ് ഖാലിസ്ഥാൻ രൂപീകരിക്കണമെന്ന ആവശ്യത്തെ ന്യായീകരിച്ചു, തീവ്ര ഹിന്ദുക്കൾക്ക് ഒരു ഹിന്ദു രാഷ്ട്രം ആവശ്യപ്പെടാൻ കഴിയുമെങ്കിൽ, സിഖ് രാഷ്ട്രം ആവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ലെന്നായിരുന്നു ഇയാളുടെ വാക്കുകൾ.

പഞ്ചാബിലെ അജ്നാല പോലീസ് സ്റ്റേഷനിലേക്ക്
ഫെബ്രുവരി 24 ന് പഞ്ചാബിലെ അജ്നാല പോലീസ് സ്റ്റേഷനിലേക്ക് അമൃത് പാലിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേര്‍ തോക്കും, വാളുമായി എത്തിയ സംഭവം വലിയ ചർച്ചയായി. പോലീസ് അറസ്റ്റ് ചെയ്ത തന്റെ അനുയായി ആയ ലവ്പ്രീത് സിംഗ് തൂഫാനെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം. അന്നത്തെ സംഘർഷത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ലവ്പ്രീത് സിംഗിനെ പിറ്റേന്ന് തന്നെ പോലീസ് വിട്ടയച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും അമൃത്പാല്‍ സിംഗ് രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധിയായിരിക്കും അമിത് ഷായ്ക്ക് എന്നായിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്.

നാടകീയ നീക്കങ്ങൾക്കൊടുവിൽ
അതേസമയം അജ്നാല സംഭവത്തോടെ ഇയാളെ പിടികൂടണമെന്ന ആവശ്യം പ്രതിപക്ഷമടക്കം ശക്തമാക്കി. മാർച്ച് ആദ്യവാരം, പഞ്ചാബ് പോലീസ് ഒടുവിൽ അമൃത്പാൽ സിങ്ങിനെതിരായ നീക്കം ശക്തമാക്കി. ഇയാളുടെ ഒമ്പത് സഹായികളുടെ ആയുധ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തായിരുന്നു ആദ്യ നടപടി. മാർച്ച് 18 ന് അമൃത്പാൽ സിംഗിന്റെ ആറ് സഹായികളെ നീണ്ട പോരാട്ടത്തിനൊടുവിൽ പോലീസ് ജലന്ധറിൽ വെച്ച് കസ്റ്റഡിയിലെടുത്തു. പിന്നാലെയായിരുന്നു ഇന്നത്തെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അമൃത്പാലിനേയും പോലീസ് പിടികൂടിയത്.












Click it and Unblock the Notifications