ഉദ്ധവ് താക്കറെയെ തല്ലണമെന്ന് പരാമർശം; കേന്ദ്രമന്ത്രി നാരായൺ റാണെ മഹാരാഷ്ട്രയിൽ അറസ്റ്റിൽ
മുംബൈ; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി നാരായൺ റാണെ അറസ്റ്റിൽ. ഉദ്ധവ് താക്കറെയുടെ കരണത്തടിക്കുമെന്ന പരാമർശത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ അറസ്റ്റ്. സംഭവത്തിൽ റാണെയ്ക്കെതിരെ ശിവസേന പ്രവർത്തകരായിരുന്നു പരാതി നൽകിയത്. തുടർന്ന് നാസിക് പോലീസാണ് എഫഐആർ രജിസ്റ്റർ ചെയ്തത്.മഹാരാഷ്ട്ര രത്നഗിരി പോലീസിന്റെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതേസമയം മന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വലിയ സംഘർഷമാണ് ഉടലെടുത്തത്.
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

തിങ്കളാഴ്ച റായ്ഗഡ് ജില്ലയിൽ ബിജെപിയുടെ ജൻ ആശിർവാദ് യാത്രയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയ്ക്കെതിരെ കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയത്.ഉദ്ധവ് താക്കറെ സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗിക്കവെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വർഷം മറന്ന് പോയി.രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണെന്ന് മുഖ്യമന്ത്രിയ്ക്ക് അറിയില്ലെന്നത് ലജ്ജാകരമാണ്.താനവിടെ ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയ്ക്ക് ആഞ്ഞൊരു അടികൊടുക്കുമായിരുന്നുവെന്നായിരുന്നു റാണെയുടെ പരാമർശം.

ഇതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു കേന്ദ്രമന്ത്രിയ്ക്കെതിരെ ശിവസേന പ്രവർത്തകർ ഉയർത്തിയത്. 'കോഴിക്കള്ളൻ' എന്ന പേരിൽ നഗരത്തിൽ പലയിടത്തും ശിവസേന പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് റാണെ ചെമ്പൂരിൽ കോഴിക്കട നടത്തിയിരുന്നു. പിന്നാലെ പ്രവർത്തകർ കേന്ദ്രമന്ത്രിയ്ക്കെതിരെ നാസിക് പോലീസിൽ പരാതി നൽകുകയും ചെയ്തു.

ഇന്ന് രാവിലെയോടെ തന്നെ മന്ത്രിയെ അറസ്റ്റ് ചെയ്തേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. . ഇതിനിടെ കേസിൽ മന്ത്രിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍ന്ന് കോടതി നിര്‍ദേശം അനുസരിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും നാസിക് പോലീസ് മേധാവി ദീപക് പാണ്ഡെ വ്യക്തമാക്കുകയായിരുന്നു.

ഇതിനിടയിൽ ഇന്ന് ഒരു സംഘം ശിവസേന പ്രവർത്തകർ നാസിക്കിലെ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും നാരായൺ റാണെക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.ശിവസേന നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇത് തടയാൻ ബിജെപി പ്രവർത്തകർ എത്തിയതോടെ ഇരുകൂട്ടരുെ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. തുടർന്ന് സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ പോലീസ് പ്രത്യേക സേനയെ വിന്യസിക്കുകയായിരുന്നു.

അതേസമയം മുൻ ശിവസേന നേതാവ് കൂടിയായ റാണ സംസ്ഥാനത്ത് മനപ്പൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള തന്ത്രമാണ് നടത്തുന്നതെന്ന് ശിവസേന ആരോപിച്ചു. മുഖ്യമന്ത്രിയ്ക്കെതിരായ പരസ്യ പരാമർശവും ഇതിന്റെ ഭാഗമായാണെന്നും ശിവസേന നേതാക്കൾ കുറ്റപ്പെടുത്തി. അതേസമയം ശിവസേന പ്രവർത്തകരുടെ പരാതിയിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് റാണ ബോംബെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അടിയന്തരമായി വാദം കേൾക്കാൻ ഹൈക്കോടതി തയ്യാറായില്ല. ഇതോടെയാണ് റാണെയെ ഉടൻ അറസ്റ്റ് ചെയ്തത്.
Recommended Video

രാജ്യസഭ എംപിയും കേന്ദ്രമന്ത്രിയുമായ റാണെയുടെ അറസ്റ്റിനെ കുറിച്ച് ഉടൻ തന്നെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അറിയിക്കുമെന്ന് പോലീസ് മേധാവി ദീപക് പാണ്ഡെ പറഞ്ഞു. അതേസമയം എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാരായൺ റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അതേസമയം വിവാദത്തിൽ നിന്നും സംസ്ഥാന ബിജെപി വിട്ട് നിൽകുകയാണ്.

മുഖ്യമന്ത്രിയെക്കുറിച്ച് സംസാരിക്കുമ്പോൾ നാരായൺ റാണെ സംയമനം പാലിക്കണമായിരുന്നുവെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സ്വാതന്ത്യം നേടിയ വർഷം മുഖ്യമന്ത്രി മറന്നു എങ്കിൽ രോഷം മറ്റേതെങ്കിലും രീതിയിൽ പ്രകടിപ്പിക്കാമായിരുന്നു. എന്നാൽ മന്ത്രി അങ്ങനെ പറഞ്ഞു എന്നത് കൊണ്ട് അതിന് അതേ നാണയത്തിൽ മറുപടി കൊടുക്കുന്നതിൽ അർത്ഥമില്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കി.

അതേസമയം മഹാരാഷ്ട്ര പോലീസിന് ഫഡ്നാവിസ് മുന്നറിയിപ്പ് നൽകി. നിയമപ്രകാരമാണ് പോലീസ് പ്രവർത്തിക്കേണ്ടത്. ഞാൻ ഭീഷണിപ്പെടുത്തുന്നില്ല. എന്നാൽ മറിച്ച് പെരുമാറിയവർ ഇപ്പോൾ എവിടെയാണെന്ന് പോലീസ് ഓർക്കണം. ബിജെപി ഓഫീസുകൾ ആക്രമിക്കുന്നത് അനുവദിക്കില്ല. ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല, പക്ഷേ അത്തരം ആക്രമണങ്ങളിൽ ഞങ്ങൾ അടങ്ങിയിരിക്കുമെന്ന് കരുതരുത്, ഫഡ്നാവിസ് പറഞ്ഞു.












Click it and Unblock the Notifications