രാഷ്ട്രപതി ഭവനിലെ റിപ്പബ്ലിക് ഡേ അറ്റ് ഹോം -2025: കേരളത്തില്‍ നിന്നും ശ്രീജേഷ് ഉള്‍പ്പെടെ 12 പേർക്ക് ക്ഷണം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ജനുവരി 26-ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന "റിപ്പബ്ലിക് ഡേ അറ്റ് ഹോം -2025"-ൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണം ലഭിച്ചവരില്‍ മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷും ചലച്ചിത്രകാരനും അനിമേറ്ററുമായ ഹരിനാരായണൻ രാജീവു ഉള്‍പ്പെടേയുള്ളവർ. ചടങ്ങിലേക്ക് പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള ആകെ 12 വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് ഇത്തവണ രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്.
ജ്യോതിർഗമയ ഫൗണ്ടേഷൻ്റെ സ്ഥാപക ടിഫാനി ബ്രാർ, ഇന്ത്യൻ മർച്ചൻ്റ് നേവിയുടെ ആദ്യ വനിതാ ക്യാപ്റ്റനായ ക്യാപ്റ്റൻ രാധിക മേനോൻ, 2024-ലെ സർവശ്രേഷ്ഠ് ദിവ്യാംഗ്ജൻ വിഭാഗത്തിൽ വ്യക്തിഗത മികവിനുള്ള ദേശീയ അവാർഡ് നേടിയ അനന്യ ബിജേഷ്, മൻകീ ബാത്തിൽ പരാമർശിക്കപ്പെട്ട തേജ വി പി, സുബ്രമണ്യൻ മലയത്തൊടി എന്നിവരും ക്ഷണം ലഭിച്ചവരിലുണ്ട്.

ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി നാരായണൻ, വി എസ് എസ് എസ് സി ഡയറക്ടർ ഉണ്ണികൃഷ്ണൻ എസ്, മനോരമ ഓൺലൈൻ സി ഇ ഒ മറിയം മാമ്മൻ മാത്യു, മുൻ രാജ്യസഭാംഗം ശ്രേയാംസ് കുമാർ, ജവഹർ നവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. രത്നാകരൻ കെ ഒ എന്നിവർക്കും "റിപ്പബ്ലിക് ഡേ അറ്റ് ഹോം -2025"-ൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. ഇവരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള ക്ഷണപത്രം ഇതിനകം വിതരണം ചെയ്തതായി കേരള സർക്കിൾ , ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസും അറിയിച്ചു.
അതേസമയം, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ദേശീയ പതാക ഉയർത്തും. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലും പബ്ലിക് ഓഫിസുകൾ, സ്‌കൂൾ, കോളജ്, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
സംസ്ഥാനതല ആഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം ഗവർണർ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കും. കര, വ്യോമ സേനകളും പൊലീസ്, പാരാ മിലിറ്ററി, മൗണ്ടഡ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട് തുടങ്ങിയ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടക്കും.
ജില്ലാതല ആഘോഷ പരിപാടികളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ ബന്ധപ്പെട്ട മന്ത്രിമാർ ദേശീയ പതാക ഉയർത്തും. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ, സ്‌കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാക നിർമാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളിൽ ഗ്രീൻ പോട്ടോക്കോൾ പാലിക്കണമെന്നും സർക്കുലറിൽ നിർദേശം നൽകി.












Click it and Unblock the Notifications