30 വർഷം മുന്‍പ് മുലായം തീർത്ത നിയന്ത്രണം നീക്കി: ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്തി ഹിന്ദു വിഭാഗം
വാരണാസി: ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പ്രാർത്ഥന നടത്താന്‍ ഹിന്ദു വിഭാഗത്തിനും അനുമതി നല്‍കിയിരിക്കുകയാണ് ജില്ലാ കോടതി. മസ്ജിദ് സമുച്ചയത്തിലെ നിലവറകളില്‍ ഒന്നില്‍ ആരാധന നടത്താനാണ് ഹിന്ദു വിഭാഗത്തിന് വാരണാസി ജില്ലാക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. നിലവറകളുടെ മുന്‍പില്‍ 7 ദിവസത്തിനകം പൂജ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കോടതി ഉത്തരിവിട്ടതെങ്കിലും ഇന്ന് തന്നെ ഹിന്ദു വിഭാഗം പ്രാർത്ഥന നടത്തി.
നിലവറയിലേക്കു പ്രവേശിക്കുന്നതു തടയുന്ന വേലികൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നായിരുന്നു ജഡ്ജി എ.കെ. വിശ്വേശ് ജില്ലാഭരണകൂടത്തോട് ഉത്തരവിട്ടു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതരാണ് ഇവിടെ പൂജ നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. എല്ലാ ഹിന്ദുക്കള്‍ക്കും നിലവറയില്‍ പ്രാർത്ഥിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ വിഷ്ണു ജെയിന്‍ പറഞ്ഞത്.

'വ്യാസ് കാ തഹ്ഖാന' എന്ന പേരിൽ പള്ളിസമുച്ചയത്തിന്റെ തെക്കേഭാഗത്തുള്ള നിലവറ 1993-ൽ മുലായം സിങ് യാദവ് യുപി മുഖ്യമന്ത്രിയായിരിക്കെയാണ് പൂട്ടി മുദ്രവെക്കുന്നത്. ബാബറി മസ്ജിദ് തകർത്തതിന് തൊട്ടുപിന്നാലെ സംഘർഷ സാഹചര്യങ്ങള്‍ ഒഴിവാക്കാനായിരുന്നു മുലായത്തിന്റെ നീക്കം. മുപ്പത് വർഷത്തിന് ശേഷം അന്ന് സ്ഥാപിച്ച നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവോടെ മാറ്റി.
നിലവറയിൽ പ്രാർത്ഥിക്കാൻ ഹിന്ദു ഭക്തർ പള്ളിയിൽ എത്താൻ തുടങ്ങിയതോടെ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദിന് സമീപമുള്ള പ്രദേശത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി. ഇതിനിടെ ഹിന്ദു സംഘടനയായ രാഷ്ട്രീയ ഹിന്ദു ദളിലെ അംഗങ്ങൾ പള്ളിക്ക് സമീപമുള്ള ഒരു ബോർഡിൽ 'മന്ദിർ' (ക്ഷേത്രം) എന്ന വാക്ക് ഒട്ടിക്കുകയും കണ്ടു. ഇതിന് പിന്നാലെയാണ് പൂജകള്‍ ആരംഭിച്ചത്.
മസ്ജിദിൻ്റെ നിലവറയിൽ നാല് നിലവറകളുണ്ട്. അതിലൊന്ന് അവിടെ താമസിച്ചിരുന്ന ഒരു പുരോഹിത കുടുംബത്തിൻ്റെ കൈവശമായിരുന്നു. വ്യാസ് കുടുംബാംഗമായ സോമനാഥ് വ്യാസ്, 1993-ൽ നിലവറ സീൽ ചെയ്യുന്നതിനുമുമ്പ് വരെ അതിൽ പ്രാർത്ഥന നടത്തിയെന്നുമാണ് ഹർജിക്കാരനും കുടുംബാംഗവുമായ ശൈലേന്ദ്ര പഥക് ഹർജിയിലൂടെ വാദിക്കുന്നത്.
അതേസമയം, കോടതിയുടെ ഉത്തരവിനെ അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പള്ളി കമ്മിറ്റി അറിയിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം. ബാബറി മസ്ജിദ് കേസിൽ സ്വീകരിച്ച അതേ സമീപനമാണ് കാശിയിലും സ്വീകരിക്കുന്നതെന്ന് മുസ്ലി വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ മെറാജുദ്ദീൻ സിദ്ദിഖി പറഞ്ഞു.












Click it and Unblock the Notifications