വോട്ടെടുപ്പിന് മുമ്പേ തെലങ്കാനയില്‍ സത്യപ്രതിജ്ഞ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ആദ്യം ഒപ്പിടുന്ന ഫയല്‍...
ഹൈദരാബാദ്: തെലങ്കാനയില്‍ ഇത്തവണ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. അധികാരം ലഭിക്കുമെന്ന് ഉറപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ഓരോ ചുവടും. പ്രചാരണ യോഗങ്ങളില്‍ ജനങ്ങള്‍ തിങ്ങിനിറയുന്നതാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നത്. സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയാണ് തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ കരുത്ത്.
സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ബിആര്‍എസ് ആണ് അധികാരത്തിലെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു (കെസിആര്‍) മുഖ്യമന്ത്രിയുമായി. എന്നാല്‍ ഇത്തവണ ഭരണവിരുദ്ധ വികാരം തെലങ്കാനയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്.

ഈ ആത്മവിശ്വാസമാണ് സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ധൈര്യം നല്‍കുന്നത്. ഡിസംബര്‍ ഒമ്പതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തെലങ്കാനയില്‍ അധികാരമേല്‍ക്കുമെന്ന് രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. എന്നാല്‍ ആരാകും മുഖ്യമന്ത്രി എന്ന് അദ്ദേഹം പറഞ്ഞില്ല. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ഈ ചോദ്യത്തോട് ഒരു എംഎല്‍എ മുഖ്യമന്ത്രിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ സരസമായ പ്രതികരണം.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡിസംബര്‍ ഒമ്പതിന് അധികാരമേല്‍ക്കും. കോണ്‍ഗ്രസ് നല്‍കിയ ആറ് ഉറപ്പുകള്‍ നടപ്പാക്കുന്ന ഫയലിലാകും ആദ്യം ഒപ്പ് വയ്ക്കുക എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സോണിയ ഗാന്ധിയുടെ ജന്മദിനമാണ് ഡിസംബര്‍ ഒമ്പത്. 2009ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം തെലങ്കാന സംസ്ഥാന രൂപീകരണം പ്രഖ്യാപിച്ച തിയ്യതിയും ഡിസംബര്‍ ഒമ്പതാണ്.
സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിക്കുക മാത്രമല്ല രേവന്ത് റെഡ്ഡി ചെയ്തിരിക്കുന്നത്. വേദിയും അദ്ദേഹം പ്രഖ്യാപിച്ചു. ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തിലാകും സത്യപ്രതിജ്ഞ എന്നും അദ്ദേഹം പറഞ്ഞു. 70 ലധികം സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പാര്‍ട്ടി നേതാക്കളെല്ലാം ആവര്‍ത്തിക്കുന്നത്. 119 അംഗ നിയമസഭയില്‍ 60 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഭരണം നടത്താന്‍ സാധിക്കും. രേവന്ത് റെഡ്ഡി പറയുന്നത് 85 സീറ്റ് വരെ കിട്ടിയേക്കുമെന്നാണ്.
2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 88 സീറ്റ് നേടിയാണ് ബിആര്‍എസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ അധികാരം നഷ്ടമായേക്കുമെന്ന തോന്നല്‍ ബിആര്‍എസ് നേതൃത്വത്തിനുമുണ്ട്. താന്‍ അധികാരത്തിന് വേണ്ടിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു. ദാരിദ്ര്യമില്ലാത്ത തെലങ്കാനയായിരുന്നു ലക്ഷ്യം. കേരളം പോലെ സമ്പൂര്‍ണ സാക്ഷരത നേടുന്ന സംസ്ഥാനമായി തെലങ്കാനയെ മാറ്റാനാണെന്നും കെസിആര്‍ പറഞ്ഞു.
രണ്ടര വര്‍ഷം മുമ്പാണ് രേവന്ത് റെഡ്ഡി തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനായത്. പിന്നീട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ഡികെ ശിവകുമാറിനെ പോലെയാണ് പ്രവര്‍ത്തകര്‍ തെലങ്കാനയില്‍ റെഡ്ഡിയെ കാണുന്നത്. റെഡ്ഡിയുടെ പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങളാണ് ഓരോ സ്ഥലങ്ങളിലും തടിച്ചൂകൂടിയത്. ഇന്ന് പരസ്യപ്രചാരണം അവസാനിക്കുകയും വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുകയും ചെയ്യും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications