ആര്‍ജി കാര്‍ ബലാത്സംഗക്കൊല: മുഖ്യപ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജില്‍ പി ജി വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. സിവില്‍ പൊലീസ് വോളണ്ടിയറാണ് സഞ്ജയ് റോയ്. പ്രതിക്ക് മേല്‍ ചുമത്തിയ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു.
പ്രതി ശിക്ഷിക്കപ്പെടണം എന്നാണ് ഉത്തരവ് വായിച്ച് കൊണ്ട് ജഡ്ജി പറഞ്ഞത്. അതേസമയം ശിക്ഷാ വിധി തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കും. നേരത്തെ കുറ്റസമ്മതം നടത്തിയെങ്കിലും തന്നെ കുടുക്കുകയായിരുന്നുവെന്ന് വിചാരണ വേളയില്‍ റോയ് അവകാശപ്പെട്ടിരുന്നു. തന്നെ തെറ്റായി പ്രതിചേര്‍ത്തതാണ് എന്നും താന്‍ കുറ്റം ചെയ്തിട്ടില്ല എന്നും സഞ്ജയ് റോയ് അവകാശപ്പെട്ടു.

യഥാര്‍ത്ഥ കുറ്റവാളികളെ വെറുതെ വിടുകയാണ് എന്നും ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍ വരെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും സഞ്ജയ് റോയ് ആരോപിച്ചു. സെക്ഷന്‍ 64 (ബലാത്സംഗം), സെക്ഷന്‍ 66 (മരണത്തിന് കാരണമായതിനുള്ള ശിക്ഷ), സെക്ഷന്‍ 103 (കൊലപാതകം) എന്നിവ പ്രകാരമാണ് റോയിക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 64 പ്രകാരം ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്. സെക്ഷന്‍ 66 പ്രകാരം ഒരാള്‍ക്ക് വധശിക്ഷയും നല്‍കാം.
അതേസമയം പ്രതിക്ക് പറയാനുള്ളത് തിങ്കളാഴ്ച കേള്‍ക്കും എന്ന് കോടതി വ്യക്തമാക്കി. ഇപ്പോള്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയാണ്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസ് കേള്‍ക്കാന്‍ ഞാന്‍ സമയം 12:30 ന് നിശ്ചയിച്ചിട്ടുണ്ട്,അഡീഷണല്‍ സീല്‍ദാ കോടതിയിലെ ജില്ലാ ജഡ്ജി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിധി കേട്ട് വനിതാ ഡോക്ടറുടെ പിതാവ് കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. കോടതി തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു എന്നായിരുന്നു പിതാവിന്റെ പ്രതികരണം. പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ കേസ് അന്വേഷിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നൈറ്റ് ഡ്യൂട്ടിക്കിടെയാണ് ട്രെയിനി ഡോക്ടര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഈ സംഭവം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.












Click it and Unblock the Notifications