നിതീഷ് കുമാറിന് ലാലുവിന്റെ പിന്തുണ
പട്‌ന: ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞ നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം പോയെങ്കിലും ലാലു പ്രസാദ് യാദവിന്റെ പിന്തുണ. ബിഹാറിലെ ജെ ഡി യു സര്‍ക്കാരിന് തങ്ങള്‍ പിന്തുണ നല്‍കുമെന്ന് ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചു. ബിഹാര്‍ രാഷ്ട്രീയത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ജെ ഡി യു - ആര്‍ ജെ ഡി കൂട്ടുകെട്ടിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയതിന് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. രാജി വെച്ചെങ്കിലും തന്റെ വിശ്വസ്തനായ ജീതന്‍ റാം മഞ്ജിയെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് ഇരുത്തിയത്. ലാലു പ്രസാദ് യാദവ് മഞ്ജി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ മോദിയും ബി ജെ പിയും നല്‍കിയ ഷോക്കില്‍ നിന്നും പുറത്തുവരാമെന്ന പ്രതീക്ഷയിലാണ് നിതീഷും കൂട്ടരും.

ബിഹാര്‍ നിയമസഭയില്‍ വെള്ളിയാഴ്ച വിശ്വാസ വോട്ട് നടക്കാനിരിക്കേയാണ് ലാലു പ്രസാദ് യാദവ് മഞ്ജി സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 243 അംഗ ബിഹാര്‍ അസംബ്ലിയില്‍ ജെ ഡി യുവിന് 117 എം എല്‍ എമാരാണ് ഉള്ളത്. ആര്‍ ജെ ഡിക്ക് 21 എം എല്‍ എമാരുണ്ട്. പ്രതിപക്ഷ കക്ഷിയായ ബി ജെ പിക്ക് 88 എം എല്‍ എമാരാണ് ഉള്ളത്.
രണ്ട് ബി ജെ പി എം എല്‍ എമാരും മൂന്ന് ജെ ഡി യു എം എല്‍ എമാരും രാജിവെച്ചതോടെ സഭയുടെ ഇപ്പോളത്തെ അംഗബലം 237 ആണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ നിതീഷ് കുമാര്‍ രാജിവെച്ചത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് മനസില്‍ കണ്ടുകൊണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ എതിര്‍പ്പ് കാരണം അത് നടന്നില്ല. രാജിവെച്ച ഉടന്‍ തന്നെ ലാലു പ്രസാദ് യാദവുമായി സഖ്യമുണ്ടാക്കാന്‍ നിതീഷ് കുമാര്‍ ശ്രമം തുടങ്ങിയിരുന്നു.












Click it and Unblock the Notifications