സിനിമാക്കഥയല്ല, വന്‍ കവര്‍ച്ച!! ബാങ്കില്‍ മോഷ്ടാക്കള്‍ എത്തിയത് ഭൂമി തുരന്ന്, രണ്ടു മാസത്തെ ശ്രമം

  • Written By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈ നഗരത്തെ വിറപ്പിച്ച് വന്‍ മോഷണം. ബാങ്കില്‍ കവര്‍ച്ച നടത്തിയത് ഭൂമിക്കടിയില്‍ തുരങ്കമുണ്ടാക്കി. സ്വര്‍ണവും പണവുമടക്കം നഷ്ടമായത് ഒന്നര കോടിയുടെ മുതല്‍. അധോലോകം വാഴുന്ന നാട്ടില്‍ പോലീസിന് പുതിയ തലവേദനയായിരിക്കുകയാണ് ഈ കവര്‍ച്ച.

നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് കവര്‍ച്ച നടന്നത്. 40 അടിയോളം ഭൂമിക്കടിയില്‍ തുരങ്കമുണ്ടാക്കിയ ശേഷമാണ് കവര്‍ച്ചക്കാര്‍ ബാങ്കിന്റെ സ്‌ട്രോങ് റൂമിലെത്തിയത്. തുടര്‍ന്ന് പണവും സ്വര്‍ണവും കവരുകയായിരുന്നു. വളരെ ആസൂത്രിതമായ നീക്കമായിരുന്നു മോഷ്ടാക്കളുടേത്. തൊട്ടടുത്ത കട വാടകക്കെടുത്ത് അവിടെ നിന്നാണ് തുരങ്കമുണ്ടാക്കിയത്.

ഭക്തി റസിഡന്‍സ്

ഭക്തി റസിഡന്‍സ്

ഭക്തി റസിഡന്‍സ് എന്ന കെട്ടിടത്തിലാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തില്‍ തന്നെയാണ് മോഷ്ടാക്കള്‍ മുറിയെടുത്ത് പദ്ധതി തയ്യാറാക്കിയതും. ഈ കെട്ടിടത്തിലെ ഒരു മുറിയില്‍ സ്‌റ്റോര്‍ നടത്തിയിരുന്നു മോഷ്ടാക്കള്‍. കവര്‍ച്ച ലക്ഷ്യമിട്ടാണ് സംഘം സ്‌റ്റോര്‍ വാടകക്ക് എടുത്തിരുന്നതെന്ന് പോലീസ് പറയുന്നു.

സംശയം തോന്നാത്ത വിധം

സംശയം തോന്നാത്ത വിധം

ഇവരുടെ കടയ്ക്കും ബാങ്കിനുമിടയില്‍ രണ്ട് കടമുറികള്‍ വേറെയുമുണ്ട്. ഈ കടകള്‍ക്ക് അടിയിലൂടെയാണ് സംഘം തുരങ്കമുണ്ടാക്കിയത്. ആര്‍ക്കും സംശയം തോന്നാത്ത വിധമായിരുന്നു ഇവരുടെ നീക്കം. ഈ തുരങ്ക നിര്‍മാണത്തിന് രണ്ടുമാസം എടുത്തു. മുംബൈ പോലീസ് ആണ് കവര്‍ച്ച സംബന്ധിച്ച് വിശദീകരിച്ചത്.

വന്നത് ഇങ്ങനെ

വന്നത് ഇങ്ങനെ

കവര്‍ച്ചക്കാര്‍ വാടകക്ക് എടുത്ത കടയില്‍ നിന്ന് താഴേക്ക് അഞ്ചടി കുഴിയുണ്ടാക്കി. രണ്ടു കടകള്‍ക്കടിയിലൂടെ 30 അടി നീളത്തില്‍ വീണ്ടും കുഴിയെടുത്തു. ബാങ്ക് സ്‌ട്രോങ് റൂമിന്റെ അടിയില്‍ നിന്ന് വീണ്ടും മുകളിലേക്ക് അഞ്ചടിയില്‍ മണ്ണെടുത്തു. ഒടുവില്‍ കവര്‍ച്ചാ സംഘം സ്‌ട്രോങ് റൂമില്‍ കടന്ന് 30 ലോക്കറുകള്‍ തകര്‍ത്തു.

പകല്‍ പാവം കച്ചവടക്കാര്‍

പകല്‍ പാവം കച്ചവടക്കാര്‍

പകല്‍ തുരങ്കമുണ്ടാക്കിയിരുന്നില്ല എന്നാണ് പോലീസ് കരുതുന്നത്. പകല്‍സമയങ്ങളില്‍ കച്ചവടം നടത്തിയ സംഘം രാത്രിയാണ് പ്രധാനമായും തുരങ്ക നിര്‍മാണത്തിന് കണ്ടിരുന്നത്. ആളില്ലാത്ത സമയം നോക്കി മണ്ണ് പുറത്തു കളയും. ബാങ്കും മോഷ്ടാക്കളുടെ സ്‌റ്റോറും ഒരേ കെട്ടിടത്തിലാണ്. ഇതിനിടയില്‍ ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നു. ആരും അറിയാതെ ഇത്ര രഹസ്യമായി എങ്ങനെ പദ്ധതി നടപ്പാക്കിയെന്ന് പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

തൊട്ടടുത്ത അവധി ദിനങ്ങള്‍

തൊട്ടടുത്ത അവധി ദിനങ്ങള്‍

വെള്ളിയാഴ്ചയോടെ തുരങ്കം ബാങ്കിന്റെ സ്‌ട്രോങ് റൂമിനടുത്ത് എത്തിയിരുന്നു. തൊട്ടടുത്ത ദിവസം രണ്ടാം ശനിയാഴ്ച. പിന്നെ ഞായറാഴ്ച. ഈ അവധി ദിവസങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് മോഷ്ടാക്കള്‍ പദ്ധതി ആസൂത്രണം ചെയ്തത്. തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.

അന്വേഷണത്തിന് ആറ് സംഘം

അന്വേഷണത്തിന് ആറ് സംഘം

സമാനമായ കവര്‍ച്ചകള്‍ നടന്ന കേസുകള്‍ പോലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്. ഈ സംഭവങ്ങള്‍ക്കെല്ലാം ബന്ധമുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ജാര്‍ഖണ്ഡില്‍ സമാനമായ കവര്‍ച്ച അടുത്തിടെ നടന്നിരുന്നു. ആറ് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.

കടയിലുള്ളവര്‍ മുങ്ങി

കടയിലുള്ളവര്‍ മുങ്ങി

ജനാ ബച്ചന്‍ പ്രസാദ് എന്ന വ്യക്തി ആറ് മാസം മുമ്പാണ് മോഷ്ടാക്കള്‍ ഉപയോഗിച്ച കടമുറി വാടകക്ക് എടുത്തത്. പിന്നീട് ഇയാള്‍ മറ്റു രണ്ടു പേരെ ഏല്‍പ്പിച്ച് നാട്ടിലേക്ക് പോയി. അവരാണ് മോഷണം നടത്തിരിക്കുന്നത്. കടയിലുള്ളവര്‍ മുങ്ങിയിട്ടുണ്ട്. ഇവര്‍ സ്‌റ്റോര്‍ വാടകക്ക് എടുത്ത ദിവസം തന്നെ മോഷണത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

പോലീസിനെ കുഴക്കും

പോലീസിനെ കുഴക്കും

അതേസമയം, പോലീസിനെ കുഴക്കുന്ന പല ഘടകങ്ങളും ഈ കേസിലുണ്ട്. കാരണം കെട്ടിടത്തിന് പുറത്ത് ഒരു സിസിടിവി ക്യാമറ മാത്രമാണുള്ളത്. ഇതിലാകട്ടെ മോഷ്ടാക്കളുടെ കടമുറി കാണുന്നുമില്ല. ബാങ്കിനകത്ത് സിസിടിവി ക്യാമറകളുണ്ടെങ്കിലും സ്‌ട്രോങ് റൂമില്‍ ഇല്ല. അക്രമികള്‍ നേരിട്ട് സ്‌ട്രോങ് റൂമിലേക്കാണ് തുരങ്കമുണ്ടാക്കിയത്.

English summary
Robbers dig 40ft tunnel to Navi Mumbai bank’s locker room; rob valuables worth Rs 1.5 cr

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്