സ്മൃതി ഇറാനിയെ അറസ്റ്റ് ചെയ്യണമെന്ന് രോഹിത് വെമുലയുടെ അമ്മ, നിഷ്‌കളങ്കയെന്ന് ലാലു!
ദില്ലി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ബി ജെ പി നേതാവ് സ്മൃതി ഇറാനിയെ അറസ്റ്റ് ചെയ്യണമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ആവശ്യപ്പെട്ടു. സ്മൃതി ഇറാനി വിദ്യഭ്യാസ മന്ത്രിയായിരിക്കേയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. ഈ സംഭവം വലിയ വിവാദമായിരുന്നു.
തന്റെ മകന്റെ മരണത്തിന് കാരണക്കാരില്‍ ഒരാളാണ് സ്മൃതി ഇറാനി എന്നാണ് രാധിക വെമുല പറയുന്നത്. സ്മൃതി ഇറാനിയെ അറസ്റ്റ് ചെയ്യണം. അവരെ മറ്റൊരു വകുപ്പിലേക്ക് മാറ്റരുത് - രാധിക വെമുല ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റിയാല്‍ രോഹിത് വെമുലയ്ക്ക് നീതി കിട്ടുമോ. വളരെയധികം പേടിയോടെയാണ് താനും ഇളയ മകനും കഴിയുന്നത് എന്നും ഇവര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പ റാവുവിന്റെയും മറ്റ് ബി ജെ പി നേതാക്കളുടെയും പീഡനം സഹിക്കാനാവാതെയാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത് എന്നാണ് രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. തന്റെ മകനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജാതിയുടെ പേരില്‍ പീഡിപ്പിച്ചതായി രാധിക വെമുല നേരത്തെയും പറഞ്ഞിട്ടുണ്ട്. രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനിക്കെതിരെ കേസുണ്ട്.
സ്മൃതി ഇറാനി നിഷ്‌കളങ്കയെന്ന് ലാലു പ്രസാദ് യാദവ്
ടെക്‌സ്റ്റൈല്‍ മന്ത്രിയായി മാറ്റപ്പെട്ട ബി ജെ പി നേതാവ് സ്മൃതി ഇറാനി നിഷ്‌കളങ്കയായ വനിതയെന്ന് ആര്‍ ജെ ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരിക്കേ ഒരുപാട് നല്ല കാര്യങ്ങള്‍ അവര്‍ ചെയ്തു. ടെക്‌സ്റ്റൈല്‍ മന്ത്രി എന്ന നിലയില്‍ സ്മൃതി ഇറാനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് താന്‍ കരുതുന്നില്ലെന്നും ലാലു പ്രസാദ് പറഞ്ഞു.












Click it and Unblock the Notifications