ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രാഷ്ട്രപിതാവ് എന്ന് മുസ്ലിം നേതാവ്; പ്രതികരണം ചര്‍ച്ചയ്ക്ക് ശേഷം
ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രാഷ്ട്ര പിതാവാണെന്ന് മുസ്ലിം മത നേതാവ് ഉമര്‍ അഹമ്മദ് ഇല്യാസി. അഖിലേന്ത്യാ ഇമാം ഓര്‍ഗനൈസേഷന്റെ അധ്യക്ഷനാണ് ഇല്യാസി. ഡല്‍ഹിയില്‍ മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തിയ പിന്നാലെയാണ് ഇല്യാസിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. എന്റെ ക്ഷണം സ്വീകരിച്ച് മോഹന്‍ ഭാഗവത് ഇന്ന് വന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്ര ഋഷിയുമാണ്. ഞങ്ങളുടെ ദൈവ ആരാധന വ്യത്യസ്തമാണ്. എന്നാല്‍ ഏറ്റവും വലിയ മതം മാനവികതയാണ്. രാജ്യമാണ് ആദ്യം. അതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും ഉമര്‍ അഹമ്മദ് ഇല്യാസിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ പള്ളിയും മദ്രസയും മോഹന്‍ ഭാഗവത് ഇന്ന് സന്ദര്‍ശിച്ചു. അഖിലേന്ത്യാ ഇമാം ഓര്‍ഗനൈസേഷന്‍ അധ്യക്ഷനുമായി അദ്ദേഹം ചര്‍ച്ച നടത്തി. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെ പള്ളിയിലാണ് അദ്ദേഹം എത്തിയത്. ആസാദ് പൂരിലെ തജ്‌വീദുല്‍ ഖുര്‍ആന്‍ മദ്രസയും ശേഷം ഭാഗവത് സന്ദര്‍ശിച്ചു. രാജ്യത്തിന് ഈ ചര്‍ച്ച നല്ല സന്ദേശമാണ് നല്‍കുന്നതെന്നും ഒരു കുടുംബം പോലെ ഞങ്ങള്‍ ചര്‍ച്ച നടത്തിയെന്നും ഇല്യാസി പറഞ്ഞു.
ഒരു മാസത്തിനിടെ മുസ്ലിം മത നേതാക്കളുമായി ആര്‍എസ്എസ് സര്‍ സംഘചാലക് നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. അഞ്ച് മുസ്ലിം ബുദ്ധിജീവികളുമായിട്ടാണ് അദ്ദേഹം ഒരു മാസം മുമ്പ് ചര്‍ച്ച നടത്തിയത്. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്. അലിഗഡ് മുന്‍ ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ, മുന്‍ എംപി ഷാഹിദ് സിദ്ദിഖി, വ്യവസായി സഈദ് ഷര്‍വാണി എന്നിവരുമായിട്ടായിരുന്നു ആദ്യ ചര്‍ച്ച.
മുസ്ലിം നേതാക്കളുമായി തുടര്‍ച്ചയായ ചര്‍ച്ചകളാണ് നടന്നുവരുന്നതെന്ന് ആര്‍എസ്എസ് വക്താവ് സുനില്‍ അംബേദ്കര്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ആര്‍എസ്എസ് മേധാവി ചര്‍ച്ച നടത്തി വരികയാണ്. ഇന്ന് കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ പള്ളിയിലെത്തിയ മോഹന്‍ ഭാഗവത് ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച.
അതേസമയം, ഇല്യാസിക്കെതിരെ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി രംഗത്തുവന്നു. മുസ്ലിങ്ങള്‍ക്കിടയിലെ ഉന്നതരാണ് ഇല്യാസിയെ പോലുള്ളവരെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് സാധാരണ മുസ്ലിങ്ങളുമായി യാതൊരു ബന്ധവുമില്ല. നേരത്തെ ഭാഗവതുമായി ചര്‍ച്ച നടത്തിയ അഞ്ച് മുസ്ലിം ബുദ്ധി ജീവികള്‍ക്കും സാധാരണ മുസ്ലിങ്ങളുമായി ബന്ധമില്ല. ആര്‍എസ്എസിനെ പറ്റി എല്ലാവര്‍ക്കുമറിയാം. ഞങ്ങള്‍ പോരാടുന്നത് മൗലിക അവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും ഉവൈസി പറഞ്ഞു.












Click it and Unblock the Notifications