എങ്ങനെയുണ്ട്?യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയവരെ മലയാളമടക്കം നാല് ഭാഷകളില്‍ സ്വാഗതം ചെയ്ത് സ്മൃതി ഇറാനി,വീഡിയോ
ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ ഓപ്പറേഷന്‍ ഗംഗ പുരോഗമിക്കുന്ന സാഹചര്യത്തില്‍ യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വിമാനത്തിനുള്ളില്‍ വെച്ചാണ് സ്മൃതി ഇറാനി ഇന്ത്യക്കാരെ സ്വാഗതം ചെയ്തത്. പ്രാദേശിക ഭാഷകളിലാണ് സ്മൃതി ഇറാനി യുക്രൈനില്‍ നിന്ന് വന്ന ഇന്ത്യക്കാരെ സ്വാഗതം ചെയ്തത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പങ്കുവച്ച വീഡിയോയില്‍ മന്ത്രി മലയാളം, ബംഗാളി, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളില്‍ സംസാരിക്കുന്നത് കാണാം. കേരളത്തില്‍ നിന്നുള്ളവരോട് എങ്ങനെയുണ്ട് എന്നാണ് കേന്ദ്ര മന്ത്രി ചോദിച്ചത്.
അടിപൊളി, അടിപൊളി എന്നാണ് ഇതിന് മലയാളികളായ വിദ്യാര്‍ത്ഥികള്‍ മറുപടി പറഞ്ഞത്. സമാനമായി മറ്റ് ഭാഷകളിലും മന്ത്രി സ്വാഗതം ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. വീട്ടിലേക്ക് മടങ്ങിയ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കുടുംബങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്. അതിനാല്‍ ഞാന്‍ അധികം സമയമെടുക്കില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചതില്‍ ഞങ്ങള്‍ നിങ്ങളോട് നന്ദിയുള്ളവരാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയത്തും നിങ്ങള്‍ മാതൃകാപരമായ ധൈര്യം പ്രകടിപ്പിച്ചു. വിമാന ജീവനക്കാരോട് നമുക്ക് നന്ദി പറയാം. നന്നായി, 'ഭാരത് മാതാ കീ ജയ്, സ്മൃതി ഇറാനി വിളിച്ചു പറഞ്ഞു.

റഷ്യയുടെ സമ്പൂര്‍ണ ആക്രമണത്തിനിരയായ യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രം ഓപ്പറേഷന്‍ ഗംഗ എന്ന ഒഴിപ്പിക്കല്‍ പദ്ധതിയാണ് ആരംഭിച്ചത്. വ്യോമാക്രമണ ഭീഷണി കാരണം യുക്രൈന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചതിനാല്‍, യുക്രൈനിലെ പല നഗരങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷിക്കാന്‍ സര്‍ക്കാരിന് ഒരു ബദല്‍ പദ്ധതി തയ്യാറാക്കേണ്ടിവന്നു.

പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് മൂന്ന് ഐ എ എഫ് വിമാനങ്ങള്‍ പോയിട്ടുണ്ട്.. ടെന്റുകളും പുതപ്പുകളും മറ്റ് അടിസ്ഥാന സഹായ വസ്തുക്കളും ഐ എ എഫ് വിമാനത്തില്‍ ഉണ്ട്. ഒറ്റപ്പെട്ട ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍ നാല് പ്രത്യേക ദൂതന്മാരെ നിയോഗിച്ചു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിഗ് പുരി ഹംഗറിയിലും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു സ്ലൊവാക്യയിലും, ജനറല്‍ വി കെ സിംഗ് (റിട്ട) പോളണ്ടിലും, സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിലും മോള്‍ഡോവയിലും ഒഴിപ്പിക്കലിന്റെ ചുമതല വഹിക്കും.

അതേസമയം ചൊവ്വാഴ്ച യുക്രൈനിലെ കാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ജ്ഞാനഗൗഡര്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശിയും കാര്‍ക്കീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്നു നവീന്‍. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണം നടന്നത് എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. അതേസമയം യുദ്ധത്തിന്റെ ഏഴാം ദിവസമായ ഇന്നും റഷ്യ യുക്രൈനെതിരെ ആക്രമണം കടുപ്പിക്കുകയാണ്.

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ടെലിവിഷന്‍ ടവര്‍ റഷ്യന്‍ സേന തകര്‍ത്തിരുന്നു. ഇതോടെ കീവിലെ ടിവി ചാനലുകളുടെ സംപ്രേഷണം നിലച്ചിരിക്കുകയാണ്. തുടര്‍ച്ചയായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ പ്രധാനപ്പെട്ട പല ടി വി ചാനലുകളുടേയും സംപ്രേഷണം മുടങ്ങിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീവിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയുടെ ആക്രമണങ്ങള്‍ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയില്‍ യുക്രൈന്‍ പരാതി നല്‍കിയിട്ടുണ്ട്. യുദ്ധത്തിന്റെ ഏഴാം ദിനമായ ഇന്ന് കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.












Click it and Unblock the Notifications