'ലാദൻ പാകിസ്ഥാനിൽ ഒളിച്ചത് എന്തിന്? ഒരിക്കൽ നിങ്ങളെയും വേട്ടയാടാൻ എത്തും'; പാശ്ചാത്യരോട് ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അടുത്തിടെ ഉണ്ടായ ഭിന്നത കേവലം അയൽക്കാർ തമ്മിലുള്ള സംഘർഷമല്ല, മറിച്ച് ഭീകരതയെ ചെറുക്കുന്നതിനെക്കുറിച്ചുള്ള കാര്യമാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഒടുവിൽ പടിഞ്ഞാറൻ രാജ്യങ്ങളെയും ഇത് വേട്ടയാടുമെന്നും അതിനാൽ തന്നെ ഈ വിപത്തിനെ ആഗോള സമൂഹം നേരത്തെ മനസിലാക്കണമെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
യൂറോപ്യൻ വാർത്താ സൈറ്റായ യൂറാക്‌ടീവിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 26 പേരുടെ മരണത്തിനിടയാക്കിയ കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തോടുള്ള ആഗോള പ്രതികരണത്തെ അദ്ദേഹം അഭിമുഖത്തിൽ അഭിസംബോധന ചെയ്‌തു. അത്തരം സംഭവങ്ങളെ പ്രാദേശിക സംഘർഷങ്ങൾ എന്ന നിലയിലേക്ക് ചുരുക്കുന്ന നിലപാടുകളുടെ ശക്തമായ ഭാഷയിലാണ് എസ് ജയശങ്കർ വിമർശിച്ചത്.

ആഗോള ഭീകരൻ ബിൻ ലാദന് അഭയം നൽകിയത് പാകിസ്ഥാൻ ആയിരുന്നുവെന്നും ജയശങ്കർ എടുത്തുപറഞ്ഞു. 'ഒസാമ ബിൻ ലാദൻ എന്നൊരാൾ ഉണ്ടായിരുന്നു. അയാൾക്ക് എന്തുകൊണ്ടാണ് മറ്റുള്ളവരെക്കാൾ അധികം, പാശ്ചാത്യ പോയിന്റിന് സമാനമായ ഒരു പാകിസ്ഥാൻ സൈനിക പട്ടണത്തിൽ, വർഷങ്ങളോളം സുരക്ഷിതമായി ജീവിക്കുവാൻ കഴിയുമെന്ന് തോന്നിയത്' കേന്ദ്ര വിദേശകാര്യ മന്ത്രി ചോദിക്കുന്നു.
'ഇത് വെറുമൊരു ഇന്ത്യ-പാകിസ്ഥാൻ പ്രശ്‌നമല്ലെന്ന് ലോകം മനസിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് തീവ്രവാദത്തെക്കുറിച്ചാണ്. അതേ ഭീകരത തന്നെ ഒടുവിൽ നിങ്ങളെയും വേട്ടയാടാൻ മടങ്ങിവരും' നിലവിൽ യൂറോപ്പ് സന്ദർശനം നടത്തുന്ന എസ് ജയശങ്കർ മുന്നറിയിപ്പ് നൽകി. ബ്രസ്സൽസിൽ ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു.
റഷ്യ-യുക്രൈൻ സംഘർഷം
യുക്രൈനിലെ പൂർണ തോതിലുള്ള അധിനിവേശത്തെത്തുടർന്ന് റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഇന്ത്യ യൂറോപ്യൻ യൂണിയനുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ഒത്തുപോവാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, യുദ്ധങ്ങളിലൂടെ സമാധാനം കൈവരിക്കാനാവില്ലെന്ന നിലപാടാണ് വിദേശകാര്യ മന്ത്രി ആവർത്തിച്ചത്.
ഇന്ത്യയ്ക്ക് യുക്രൈനുമായും റഷ്യയുമായും ശക്തമായ ബന്ധമുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ ഇസ്ലാമാബാദിനൊപ്പം നിന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ആ രാജ്യങ്ങൾ അവരുടെ ഭൂതകാലത്തെ കുറിച്ച് ഒന്ന് പഠിച്ചുവയ്ക്കുന്നത് നന്നാവും എന്നാണ് ജയശങ്കർ പറയുന്നത്.
യുഎസുമായുള്ള ബന്ധം
വർഷങ്ങളായി, പ്രത്യേകിച്ച് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്തിയ ശേഷം, അമേരിക്കയുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തെക്കുറിച്ചും വിദേശകാര്യ മന്ത്രി സംസാരിച്ചു. യുഎസുമായുള്ള ബന്ധം ഞങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ്, അതിന് പ്രസിഡന്റ് ആരെന്നതിന് പ്രാധാന്യം ഇല്ലെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.
ചൈനയെ കുറിച്ച്
ചൈനീസ് വിതരണ ശൃംഖലകളെക്കുറിച്ച് യൂറോപ്യൻ കമ്പനികൾക്കിടയിൽ വർധിച്ചുവരുന്ന ജാഗ്രതയെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. പല കമ്പനികളും അവരുടെ ഡാറ്റ എവിടെയാണ് കണ്ടെത്തുന്നതെന്ന് കൂടുതൽ ശ്രദ്ധാലുക്കളായി ക്കൊണ്ടിരിക്കുകയാണെന്നും സുരക്ഷിതവും വിശ്വസനീയവുമായ എവിടെയെങ്കിലും അത് സ്ഥാപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെയാണ് ബദലായി അദ്ദേഹം സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications