പുതിയ പാര്‍ട്ടിയില്ല; സംശുദ്ധ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്ത് സച്ചിന്‍ പൈലറ്റ്
ജയ്പൂര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സംശുദ്ധ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. തന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സ്വന്തം തട്ടകത്തില്‍ നടത്തിയ മെഗാ റാലിക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ അശോക് ഗെലോട്ടുമായുള്ള പ്രൃശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന പരോക്ഷ സൂചനയും അദ്ദേഹം നല്‍കി.
അഴിമതിക്കെതിരായ ഒരു കുരിശുയുദ്ധക്കാരനാണ് എന്ന നിലയിലുള്ള തന്റെ പ്രതിച്ഛായ നിലനിര്‍ത്താന്‍ സച്ചിന്‍ പൈലറ്റ് ശ്രമിക്കുന്നതും ഇന്നത്തെ പരിപാടിയില്‍ കാണാമായിരുന്നു. യുവാക്കളുടെ നല്ല ഭാവിക്കായാണ് താന്‍ ശബ്ദമുയര്‍ത്തിയത് എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. തനിക്ക് എപ്പോഴും രാജസ്ഥാനിലെ ജനങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എന്റെ ശബ്ദം ദുര്‍ബലമല്ല, ഞാന്‍ പിന്നോട്ട് പോകില്ല. രാജ്യത്തിന് സത്യത്തിന്റെ രാഷ്ട്രീയം ആവശ്യമാണ്. യുവാക്കളുടെ ഭാവി വെച്ച് പന്താടരുത്. എന്റെ നയം വ്യക്തമാണ്. സംശുദ്ധമായ രാഷ്ട്രീയം വേണം എന്നാണ് എന്റെ നിലപാട്,' സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. അശോക് ഗെലോട്ടുമായി തുടരുന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സച്ചിന്‍ പൈലറ്റ് ഇന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ പരിപാടിക്ക് മുമ്പ് സച്ചിന്‍ പൈലറ്റിന്റെ അനുയായികള്‍ നിഷേധിച്ചു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് വ്യക്തമാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസും ശ്രമിച്ചിരുന്നു. പാര്‍ട്ടി പ്രസിഡന്റ് രാജസ്ഥാനിലെ പ്രശ്‌നത്തിന് ക്രിയാത്മകമായ പരിഹാരമുണ്ടാക്കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പരിപാടിക്ക് മുന്‍പ് പറഞ്ഞത്.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പൈലറ്റ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മത്സരിക്കുമെന്നാണ് വേണുഗോപാല്‍ പറഞ്ഞത്. 'ഞാന്‍ കിംവദന്തികളില്‍ വിശ്വസിക്കുന്നില്ല. ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അശോക് ഗെലോട്ടിനോടും സച്ചിന്‍ പൈലറ്റിനോടും ചര്‍ച്ച നടത്തിയിരുന്നു.
അതിന് ശേഷം ഒന്നിച്ച് പോകാമെന്ന് ഇരുവരും സമ്മതിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്, എന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ആഴ്ച ഗെലോട്ടും പൈലറ്റുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2018-ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഗെലോട്ടും പൈലറ്റും തമ്മില്‍ അധികാര തര്‍ക്കത്തിലാണ്.
2020-ല്‍ പൈലറ്റ് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ വിമതനീക്കത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇതിന് ശേഷം അദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ്, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയായിരുന്നു. ഇതോടെ പലപ്പോഴായി സംസ്ഥാനത്ത് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു.












Click it and Unblock the Notifications