കേന്ദ്രത്തിന് മുന്നറിയിപ്പ്, പരാതി പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസിനില്ലെന്ന് ഗുസ്തി താരങ്ങള്‍
ന്യൂഡല്‍ഹി: ബ്രിജ് ഭൂഷനെതിരെയുള്ള പ്രതിഷേധമെല്ലാം അവസാനിച്ച ശേഷം ഏഷ്യന്‍ ഗെയിംസില്‍ മാത്രമേ പങ്കെടുക്കൂ എന്ന് ഗുസ്തി താരം സാക്ഷി മാലിക്. പ്രതിഷേധത്തിന്റെ ഭാഗമായ എല്ലാ ഗുസ്തി താരങ്ങളും അത് പിന്തുടരും. എല്ലാ ദിവസവും, മാനസികമായി എന്ത് മാത്രം ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്ന് നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലെന്നും സാക്ഷി പറഞ്ഞു.
അതേസമയം ജൂണ്‍ 15 വരെ പ്രതിഷേധം നിര്‍ത്തിവെച്ചിരിക്കുകയാണ് ഗുസ്തി താരങ്ങള്‍. സമരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാനായി വലിയ സമ്മര്‍ദമുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി. ഒത്തുതീര്‍പ്പില്ലെത്താനാണ് സര്‍ക്കാര്‍ അടക്കം നിര്‍ദേശിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

അതേസമയം ബ്രിജ് ഭൂഷനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി മൊഴി മാറ്റിയത് സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് സാക്ഷി മാലിക് പറയുന്നു. "വിട്ടുവീഴ്ച്ച ചെയ്യാന്‍ വലിയ സമ്മര്‍ദം തന്നെയുണ്ട്. ബ്രിജ് ഭൂഷണ്‍ തന്റെ ആളുകളെ ഉപയോഗിച്ച്, പരാതിക്കാരികളെ ഭീഷണിപ്പെടുത്തുകയാണ്" എന്നും സാക്ഷി പറഞ്ഞു.
ബജ്രംഗ് പൂനിയ അടക്കമുള്ള താരങ്ങളും നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി. "പീഡന ആരോപണം ഉന്നയിച്ച പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പിതാവ് വിഷാദത്തിലാണ്. പരാതി പിന്‍വലിക്കാനായി നടത്തിയ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് അദ്ദേഹം ഈ അവസ്ഥയിലേക്ക് വീഴാന്‍ കാരണം" എന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു.
"ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നും, ചോദ്യം ചെയ്യണമെന്നും നേരത്തെ പറയുന്നതാണ്. കാരണം ഇയാള്‍ക്ക് അധികാരവും, സ്വാധീനവും ഉണ്ട്. അതിലൂടെ സാക്ഷികളെയും, പരാതിക്കാരെയും ഭയപ്പെടുത്തി പിന്‍മാറ്റാനാവും"; സാക്ഷി മാലിക് പറഞ്ഞു.
ബ്രിജ് ഭൂഷന്റെ അറസ്റ്റില്ലാതെ വിവേചനരഹിതമായ അന്വേഷണം നടക്കില്ലെന്നാണ് ഗുസ്തി താരങ്ങള്‍ പറയുന്നത്. "ജൂണ്‍ പതിനഞ്ചിന് ശേഷം മഹാപഞ്ചായത്ത് എന്ത് ചെയ്യണമെന്ന് തീരുമാനം. മുന്നോട്ടുള്ള സമരം ഏത് രീതിയിലാവണമെന്നും തീരുമാനിക്കുമെന്നും" ബജ്‌റംഗ് പൂനിയ പറഞ്ഞു.
കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ നല്‍കിയ ഉറപ്പിലാണ് ഗുസ്തി താരങ്ങള്‍ തല്‍ക്കാലത്തേക്ക് സമരം നടത്തിയത്. പതിനഞ്ചിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും, റിപ്പോര്‍ട്ട് പുറത്തുവരുമെന്നുമായിരുന്നു ഗുസ്തി താരങ്ങള്‍ക്ക് മന്ത്രി നല്‍കിയ ഉറപ്പ്. ജൂണ്‍ മുപ്പതിനുള്ളില്‍ ഗുസ്തി താരങ്ങളുടെ സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
" ബ്രിജ് ഭൂഷന്റെ അറസ്റ്റ് എന്ന ആവശ്യത്തില്‍ നിന്ന് ഞങ്ങള്‍ പിന്‍മാറിയിട്ടില്ല. പോലീസ് അന്വേഷണത്തെ ഒട്ടും വിശ്വസിക്കുന്നുമില്ല. കഴിഞ്ഞ ദിവസം ഒരു വനിത ഗുസ്തി താരത്തെ ബ്രിജ് ഭൂഷന്റെ ഓഫീസിലേക്ക് പോലീസ് കൊണ്ടുപോയി. ബ്രിജ് ഭൂഷന്‍ സിംഗ് അവിടെയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഈ താരത്തോട് അവിടെ ഇല്ലെന്ന് കള്ളമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ അയാള്‍ അവിടെയുണ്ടെന്ന് അറിഞ്ഞ് ഗുസ്തി താരം ഭയന്ന് പോയി. എല്ലാ സംവിധാനവും ബ്രിജ് ഭൂഷനെ സംരക്ഷിക്കുകയാണ്" എന്നും ബജ്‌റംഗ് പൂനിയ ആരോപിച്ചു.
" ഞങ്ങള്‍ എല്ലാ റിസ്‌കും എടുത്താണ് ഇവിടെ നില്‍ക്കുന്നത് ബ്രിജ് ഭൂഷനെതിരെ ശക്തമായ കുറ്റപത്രം ചുമത്തി അറസ്റ്റ് ചെയ്യണം" എന്നും ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications